ശബരിമല: ശബരിമലയിൽ നാളെ മകരവിളക്ക്. പുലർച്ചെ 2.09നാണ് മകരസംക്രമപൂജ. വൈകുന്നേരം തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30 ഓടെ സന്നിധാനത്തു നടക്കും. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും.
മകരസംക്രമസന്ധ്യയിലെ ജ്യോതിദർശനത്തിനായി ആയിരക്കണക്കിനു ഭക്തജനങ്ങൾ ശബരിമലയിലെത്തും. എരുമേലിയിൽ പേട്ട കെട്ടിയെത്തുന്ന സംഘത്തിന്റെ ചുമതലയിൽ ഇന്നു പന്പയിൽ സദ്യയും വൈകുന്നേരം വിളക്കും നടക്കും. പന്പസദ്യയും പന്പവിളക്കും കഴിഞ്ഞ മലചവിട്ടുകയാണ് ആചാരം. നാളെ ഉച്ചകഴിഞ്ഞ് പന്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ടാകും.
മകരജ്യോതി ദർശനത്തിനു ശേഷം സന്നിധാനത്തുള്ള അയ്യപ്പഭക്തർ താഴേക്കിറങ്ങിയതിനുശേഷമേ പന്പയിൽനിന്ന് ആളെ കടത്തിവിടുകയുള്ളൂ. ജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ കാത്തിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകൾ നിർമിച്ചും സുരക്ഷാ ജീവനക്കാരെ നിയോഗിച്ചും ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
മകരവിളക്കിനു മുന്നോടിയായ ശുദ്ധിക്രിയകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നട തുറന്നപ്പോൾ പ്രാസാദ ശുദ്ധിക്രിയകൾ നടന്നു. ഇന്ന് ഉഷഃപൂജയേ തുടർന്ന് ബിംബശുദ്ധി, ക്രിയകൾ ആരംഭിക്കും. ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്താണു ബിംബശുദ്ധി.