ശബരിമല: മകരജ്യോതിയുടെ പുണ്യത്തിനായുള്ള കാത്തിരിപ്പിലാണ് ശബരിമല. മകരസംക്രമ പൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാവിലെ 8.14നു നടന്നു.
ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുമ്പില്‍ നടക്കുന്ന മഹാദീപാരാധനയും പൊന്നമ്പലമേട്ടിലെ മകരജ്യോതിയും ആകാശത്തു തെളിയുന്ന സംക്രമനക്ഷത്രവുമെല്ലാം അയ്യപ്പഭക്തരുടെ മനസുകളെ കുളിര്‍മയിലേക്ക് നയിക്കുന്ന മണിക്കൂറുകളാണ്.
ഇവയെല്ലാം ഇന്നു വൈകുന്നേരം ശബരിമലയില്‍ ഒന്നിച്ചെത്തുന്ന ചടങ്ങുകളാണ്. ഭക്തലക്ഷങ്ങള്‍ക്കു കാത്തിരിപ്പിന്റെ നിര്‍വൃതി സമ്മാനിച്ചുവന്നിരുന്ന ചടങ്ങുകളില്‍ ഇക്കുറി നേരിട്ട് സാക്ഷികളാകുന്നത് 5000 ഓളം ആളുകള്‍ മാത്രമാകും.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്തു കൊണ്ടാണ് മകരസംക്രമ പൂജ നടന്നത്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ ഇന്നു പുലര്ച്ചെ് ളാഹയില്‍ നിന്നും ആരംഭിച്ചു.
വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡധികൃതര്‍ ആചാരപൂര്‍വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.