മുംബൈ: മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിലുള്ള ആയിരക്കണക്കിനു തെരുവുകച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടിയെടുത്ത് കോടികൾ സന്പാദിച്ചയാൾക്കെതിരേ മഹാരാഷ്ട്രയിൽ മക്കോക്ക നിയമപ്രകാരം കേസെടുത്തു.
ഇത്തരത്തിൽ കോടിക്കണക്കിനുരൂപയുടെ സ്വത്തു സന്പാദിച്ച യുപി സ്വദേശി ബബ്ലു ഠാക്കൂർ എന്നറിയപ്പെടുന്ന സന്തോഷ്കുമാർ സിംഗിനും ഭാര്യയ്ക്കും ആറ് കൂട്ടാളികൾക്കുമെതിരേയാണ് റെയിൽവേ പോലീസ് കേസെടുത്തത്.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനു മഹാരാഷ്ട്രയിൽ കൊണ്ടുവന്ന നിയമം (മക്കോക്ക) അനുസരിച്ച് കേസ് എടുത്തതിനു പിന്നാലെ കോടിക്കണക്കിനു രൂപ വരുന്ന ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.
രണ്ട് ആഡംബര കാറുകൾ, മുംബൈയിൽ പത്ത് വീടുകൾ, അഞ്ചേക്കറിലേറെ ഭൂമി, ഒന്നര കിലോഗ്രാം സ്വർണം, പത്തുലക്ഷം രൂപ വിലമതിക്കുന്ന ഇൻഷ്വറൻസ് പോളിസി, 30 ഓളം ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം എന്നിവയാണു കണ്ടുകെട്ടിയത്.
റെയിൽവേ സ്റ്റേഷനുകളിലെ തെരുവുകച്ചവടക്കാരിൽ നിന്നാണ് ഇയാൾ ഗുണ്ടാപ്പിരിവ് വാങ്ങിയിരുന്നത്. വിസമ്മതിച്ചാൽ മൂർച്ചയേറിയ കത്തിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്നതും പതിവായിരുന്നു.
മുംബൈയിലെ ദാദർ, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബൈക്കുള, കുർള എന്നിവിടങ്ങളിലും സമീപമായ താനെയിലെയും കല്യാണിലെയും റെയിവേ സ്റ്റേഷനുകളിലും ഇയാളുടെയും കൂട്ടാളികളുടെയും പ്രവർത്തനംമൂലം ആയിരങ്ങളാണ് കണ്ണീര് കുടിച്ചിരുന്നത്.
താക്കറിനും ഭാര്യ റിത സിംഗിനുമെതിരേ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. എല്ലാം കോടതിയുടെ പരിഗണനയിലാണെ്നു ജിആർപി സീനിയർ ഇൻസ്പെക്ടർ ധ്യാനേശ്വർ കത്കാർ പറഞ്ഞു.