സ്വത്വപ്രതിസന്ധികളേതുമില്ലാതെ സ്വന്തമായി കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റിസ്വാന്.
ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആണ്-പെണ് സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മള് കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്.
എല്‍.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇന്ന് നമ്മള്ക്കാകുന്നുണ്ട്.
ഇപ്പോള്‍ പിന്നോട്ടടിക്കുന്ന സമൂഹത്തില്‍ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്.
തന്റെ ജീവിതത്തെപ്പറ്റി റിസ്വാന് പറയുന്നതിങ്ങനെ…ചെറിയ പ്രായം മുതല്‍ താന്‍ പെണ്‍കുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാന്.
ഒരുങ്ങി നടക്കാനും പെണ്‍കുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാന്‍ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാകണം എന്ന്.
പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു.
അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ വേണ്ടെന്ന് വെച്ചു. ഈ മേഖലയില്‍ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നായി പിന്നീട് എനിക്ക്. അത്കൊണ്ടാണ് ഫാഷന്‍ ഡിസൈനിംഗ് താരഞ്ഞെടുത്തത്.
തന്റെ ഉമ്മ തൈയ്യല്ക്കാരിയായിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം കാലിക്കഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി. ഫാഷന്‍ ഡിസൈനിംഗ് എടുത്തു.
ഡിസൈനിംഗ് പഠിക്കുമ്പോള്‍ തന്നെ കോളേജില്‍ ഫാഷന്‍ ഷോസൊക്കെ ചെയ്യുമായിരുന്നു. ഫ്രണ്ട്സിനെയൊക്കെ അണിയിച്ച് ഒരുക്കാനായി ഞാനും കൂടും.
ഈ മേക്കപ്പ് ചെയ്യാനുള്ള സാധനങ്ങളൊക്കെ കണ്ട് പിടിക്കുന്നത് യൂട്യൂബ് വീഡിയോസൊക്കെ കണ്ടിട്ടാണ്. കോഴ്സ് കഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍ തീരുമാനിച്ചത് മേക്കപ്പുമായി മുന്നോട്ട് പോകും എന്നുതന്നെയാണ്.
റിസ്വാന്
മേക്കപ്പ് ആര്ട്ടിസ്റ്റാകാന് ആഗ്രഹം മാത്രമാണ്കൈമുതലായി ഉണ്ടായിരുന്നത്. എന്ത് എവിടെ നിന്ന് തുടങ്ങണമെന്നൊന്നും അറിയില്ലായിരുന്നു.
അങ്ങനെയാണ് ഞാന്‍ എറണാകുളത്തേയ്ക്ക് എത്തുന്നത്. സെലിബ്രിറ്റികള്‍, ഫോട്ടോഗ്രാഫേര്‍സ്, ഇവന്റ്മാനേജ്മെന്റ് എന്നിവര്‍ക്കൊക്കെ സ്ഥിരമായി മെസ്സേജ് അയച്ച് തുടങ്ങി.
ചിലരൊക്കെ റിപ്ലെ തരും. അങ്ങനെ പതിയെ പതിയെ ചിലര്ക്കൊക്കെവേണ്ടി വര്‍ക്ക് ചെയ്ത് കൊടുക്കാന്‍ തുടങ്ങി. പക്ഷേ അതൊന്നും പെയ്ഡ് വര്‍ക്കായിരുന്നില്ല.
പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അതെല്ലാം ഫ്രീയായി ചെയ്തത്. ഒടുവില്‍ മേക്കപ്പ് പെയ്ഡാക്കാന് തുടങ്ങി.
പെയ്ഡാക്കിയ രണ്ട് മാസത്തേയ്ക്ക് എനിക്ക് വര്‍ക്കൊന്നും കിട്ടിയിരുന്നില്ല. പിന്നീട് പതിയെ ഓരോ വര്‍ക്കുകള്‍ വീതം കിട്ടിത്തുടങ്ങി.
അങ്ങനെ ഞാന്‍ ഓക്കേയായി വന്നുകൊണ്ടിരിക്കുമ്പോള്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ സംഭവിച്ചു. അതോടെ ഞാന്‍ മാനസികമായും ശാരീരികമായുമെല്ലം തളര്‍ന്നുതുടങ്ങി.
ചെറുപ്പം മുതല്‍ എനിക്കുള്ളത് സ്ത്രീകളുടെ സംസാരവും രീതികളുമായിരുന്നു. ഏറ്റവും കൂടുതല്‍ കളിയാക്കിയിരുന്നതും ആണ്‍കുട്ടികള്‍ തന്നെയാണ്.
ഒരു പെണ്‍കുട്ടിയുമായി റിലേഷന്‍ഷിപ്പിലാകാന്‍ തന്നെയാണ് ഞാനും തീരുമാനിച്ചത്. അങ്ങനെ എന്റെ പ്രശ്നങ്ങള്‍ മാറും എന്നാണ് ഞാന്‍ കരുതിയത്. എന്റെ ബെസ്റ്റ് ഫ്രണ്ടുമായി ഞാന്‍ റിലേഷന്‍ഷിപ്പിലായി.
പക്ഷേ അവളോടൊപ്പം കളിച്ച് ചിരിച്ച് നടക്കാനല്ലാതെ ഒരു റിലേഷന്‍ഷിപ്പൊന്നും എനിക്ക് പറ്റിയില്ല.
അവിടെ ഇഷ്ടത്തിനപ്പുറത്തേയ്ക്ക് പ്രണയമൊന്നും വന്നില്ല. ഇതോടെ എനിക്ക് വീണ്ടും കാര്യങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങി.അങ്ങനെ ഞാന്‍ എല്ലാത്തില്‍ നിന്നും ബ്രേക്കെടുക്കാന്‍ തീരുമാനിച്ചു.
എന്റെയൊരു സുഹൃത്തിന്റെ ടോക്ക് ഷോയിലൂടെയാണ് ഞാന്‍ കാര്യങ്ങളൊക്കെ തുറന്ന് പറയുന്നത്. അന്ന് എനിക്ക് ഒരുപാട് കോളുകളാണ് വന്നത്.
എന്നെ അറിയാവുന്ന ആളുകളാണ് അന്ന് ഏറെ മോശം പറഞ്ഞത്. അറിയാത്ത ഒരാള്‍ പോലും മോശമായി ഒന്നും പറഞ്ഞില്ല. അന്ന് രാത്രി ഒരു സ്ത്രീ എന്നെ വിളിച്ചു.
അവരുടെ മകന്റെ കാര്യം പറയാന്‍. അവര്‍ ജീവിതത്തില്‍ സീറോയായിപ്പോയി, മകനെ നോക്കിയില്ല എന്നൊക്കെയാണ് പറഞ്ഞത്. അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു.
രക്ഷിതാക്കള്‍ മക്കളെ അവര്‍ വരച്ച വരയിലൂടെ നടത്തിക്കാനാണ് നോക്കുന്നത്, സ്വന്തം മക്കള്‍ എന്താണോ അവരെ അങ്ങനെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
എന്തെങ്കിലുമൊക്കെ ഉണ്ടായാലും ആണ്‍കുട്ടികള്‍ അതിനെ എതിര്‍ത്ത് നില്ക്കും പ്രതികരിക്കും എന്നൊക്കെയാണ് എല്ലാവരും കരുതുന്നത്.
എന്നാല്‍ ഒരിയ്ക്കലും അങ്ങനെയല്ല. ആണായാലും പെണ്ണായാലും കുട്ടികളോടും എപ്പോഴും സംസാരിക്കണം.
ആരെങ്കിലും മോശമായി പെരുമാറുന്നുണ്ടോ എന്നൊക്കെ ചോദിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും റിസ്വാന് പറയുന്നു.
ജോഷ് ടോക്കിലൂടെയാണ് റിസ്വാന് അനുഭവങ്ങള്‍ പങ്കുവെച്ചത്.എല്ലാവരും പെണ്‍കുട്ടികള്‍ക്ക് ചില കാര്യങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുണ്ട്. അത് ആണ്‍കുട്ടികള്‍ക്കും നല്‍കണം.
പെണ്മക്കളോട് എല്ലാവരും ചോദിക്കും പോകുന്ന സ്ഥലത്തെക്കുറിച്ച്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോ, എവിടെയെങ്കിലും തൊട്ടിരുന്നോ എന്നൊക്കെ.
പക്ഷേ ഇന്നേവരെ ആരും ആണ്‍കുട്ടികളോട് ഇത് ചോദിച്ച് കണ്ടിട്ടില്ല. അത് തെറ്റാണ്. എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.
ആറ് വര്‍ഷം ഞാനത് അനുഭവിച്ചതാണ്. എനിക്ക് പേടിയാണ് തോന്നിയിരുന്നത്. അന്ന് അതൊക്കെ തുറന്ന് പറയാന്‍പോലും എനിക്ക് ആരുമുണ്ടായില്ല. ഈ പേടിയൊക്കെ മറികടക്കാന്‍ ഒരുപാട് കാലം വേണ്ടിവന്നു.റിസ്വാന് പറയുന്നു…