കൊച്ചുകുട്ടികളുടെ നിഷ്‌കളങ്ക ചിന്തയില്‍ വിരിയുന്ന ആശയങ്ങള്‍ പലപ്പോഴും കൗതുകമാവാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുനായയെ പോലെയാകാന്‍ അതേ രീതിയില്‍ മേക്കപ്പ് ചെയ്യുന്ന കൊച്ചു പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്.
കവിളുകളിലും മൂക്കിലും വെളുത്ത നിറവും കണ്ണുകള്‍ക്ക് ചുറ്റും മൂക്കിന്റെ അറ്റത്തും ചുണ്ടിലും കറുപ്പ് ചായമിടുന്ന കൊച്ചു പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക.
കുട്ടിയുടെ മേക്കപ്പ് ഇടല്‍ കണ്ട് അമ്മ ചോദിക്കുന്നത്,”എന്തിനാണ് നീ ഈ മേക്കപ്പ് ഇടുന്നത്??” എന്നാണ്. അതു കേള്‍ക്കുമ്പോള്‍ തന്നെ കുട്ടിയുടെ മറുപടിയും വരുന്നുണ്ട്.
”എനിക്ക് എന്റെ നായയെ പോലെയാവണം.”. തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട ഫ്രാന്‍സിസ്‌കോ എന്ന വാളര്‍ത്തുനായയെ പോലെയാകാനാണ് കുട്ടിയുടെ ശ്രമം.
കണ്ണിന് ചുറ്റും കറുപ്പ് നിറവും മുഖത്ത് ബാക്കി ഇടങ്ങളില്‍ വെള്ള നിറവുമാണ് നായയ്ക്ക്. ഇതാണ് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്.
നായയ്ക്ക് നേരെ കാമറ തിരിയുമ്പോള്‍ കുട്ടിക്ക് തെറ്റിയില്ല എന്ന് എല്ലാവര്‍ക്കും മനസിലാവും. അത്രയും മനോഹരമായിട്ടാണ് ആ കൊച്ചു കുട്ടി തന്റെ നായയെ പോലെ മേക്കപ്പിട്ടിരിക്കുന്നത്.
”ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച നല്ല വാര്‍ത്താ പോസ്റ്റുകളിലൊന്നായി മാറും. എനിക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ല,” എന്ന അടികുറിപ്പോടെ ഗുഡ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം ചാനലില്‍ വന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.