കൊച്ചി: തെങ്ങോടിലെ വാടകവീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയ സാഹചര്യത്തിൽ ഇനി അന്വേഷണ സംഘത്തിന്റെ ദൗത്യം കൃത്യം നടന്ന സമയം ചണ്ഡിരുദ്ര ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തുകയെന്നതാണ്. ഇതിനായി ഇന്നു പ്രതി ചണ്ഡിരുദ്രയെ തെളിവെടുപ്പിനായി കൊണ്ടുപോകും.
കൊലപാതകം നടന്ന വീടിനോടു ചേർന്ന കുറ്റിക്കാട്ടിൽനിന്നാണ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പിനിടെ പ്രതി ചണ്ഡിരുദ്രയാണ് കത്തി ഉപേക്ഷിച്ച സ്ഥലം പോലീസിനു കാണിച്ചു കൊടുത്തത്. കുറ്റിക്കാട്ടിലേക്ക് കത്തി എറിഞ്ഞശേഷം ചണ്ഡിരുദ്ര സ്വദേശമായ സെക്കന്ദരാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന കിടപ്പുമുറിയിലെ തെളിവെടുപ്പിനിടെ വിജയ് ശ്രീധറിനെ കുത്തിക്കൊന്ന രീതിയും പ്രതി കാണിച്ചുകൊടുത്തു.
മദ്യപാനത്തിനിടെ പുലർച്ചെ ഒന്നരയ്ക്കാണ് വിജയിയെ കുത്തിയത്. കിടക്കയിലേക്ക് വീണ വിജയ് അബോധാവസ്ഥയിലായതോടെ ചണ്ഡിരുദ്ര പുറത്തിറങ്ങി കത്തി വലിച്ചെറിഞ്ഞു. ബാഗുമെടുത്തു മൂന്ന് കിലോമീറ്റർ നടന്നു കാക്കനാട് ഐഎംജി ജംഗ്ഷനിലെത്തി.
അവിടെനിന്നു പുലർച്ചെ കാക്കനാട് വഴിയുള്ള ആദ്യ ബസിൽ എറണാകുളത്തെത്തിയാണ് ട്രെയിൻ മാർഗം നാട്ടിലേക്ക് രക്ഷപ്പെട്ടത്. ചണ്ഡിരുദ്രയെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. സിഐ എ. അനന്തലാൽ, എസ്ഐമാരായ കെ.കെ. സുരേന്ദ്രൻ, പി.എ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.