കരിപ്പൂർ: കേരളം ഉൾപ്പടെ രാജ്യത്തെ മുഴുവൻ സംസ്ഥാന ഹജ്ജ് കമ്മറ്റികൾക്ക് കീഴിലും ഈ വർഷം ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. അപേക്ഷ സമർപ്പണത്തിന് ഇനി മൂന്ന് ദിവസം മാത്രമിരിക്കെ മുഴുവൻ സംസ്ഥാനങ്ങളിലുമായി ആകെ ലഭിച്ചത് ഇതുവരെ എഴുപത് ലക്ഷം അപേക്ഷകളാണ്. കഴിഞ്ഞ 15 മുതൽ ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബർ ഏഴിന് അവസാനിക്കും. അപേക്ഷകർ കുറഞ്ഞതോടെ അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മറ്റി നീട്ടിയേക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷകരുണ്ടാകുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം വരെ ലഭിച്ചത് പതിനെട്ടായിരം പേരുടെ അപേക്ഷകളാണ്. മുൻവർഷങ്ങളിൽ രണ്ടാഴ്ചക്കുളളിൽ തന്നെ അപേക്ഷകർ മുപ്പതിനായിരത്തിന് മുകളിലെത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ വർഷം 95,236 അപേക്ഷകരാണുണ്ടായിരുന്നത്. കേരളത്തിന് പിറകെ അപേക്ഷകരിൽ രണ്ടാം സ്ഥാനത്തുളള ഗുജറാത്തിൽ ഈ വർഷം ഇതുവരെയായി 9000 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ടാഴ്ചക്കുളളിൽ തന്നെ കാൽ ലക്ഷം അപേക്ഷകരായിരുന്നു.
57,225 പേരാണ് ഗുജറാത്തിൽ കഴിഞ്ഞ വർഷം ആകെ അപേക്ഷിച്ചിരുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ അപേക്ഷ നൽകിയത് 9100 പേരാണ്. കഴിഞ്ഞ വർഷം 57246 അപേക്ഷകരുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഹജ്ജ് ക്വാട്ട ലഭിക്കുന്ന ഉത്തർപ്രദേശിൽ പതിനായിരം അപേക്ഷകരുണ്ട്. 51375 അപേക്ഷകരാണ് യുപിയിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നത്.
തുടർച്ചയായ അഞ്ചാം വർഷക്കാർക്ക് നേരിട്ട് അവസരം നൽകുന്നത് നിർത്തലാക്കിയതാണ് ഹജ്ജ് അപേക്ഷ കുറയാൻ പ്രധാന കാരണം.
കൂടുതൽ അപേക്ഷകരുണ്ടാവുന്ന സംസ്ഥാനങ്ങളിൽ തീർത്ഥാടകർ അഞ്ചാം വർഷം വരെ അപേക്ഷിച്ചാൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പുതിയ ഹജ്ജ് നയത്തിൽ അഞ്ചാം വർഷക്കാർക്ക് നേരിട്ട് അവസരം നൽകുന്നതാണ് ഒഴിവാക്കിയത്. 70 വയസിന് മുകളിൽ പ്രായമുളളവർക്കും ഒരു സഹായിക്കും മാത്രമാണ് നേരിട്ട് അവസരം നൽകുന്നത്. ശേഷിക്കുന്നവരെ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നൽകാനാണ് തീരുമാനം. ഹജ്ജ് അപേക്ഷ ഓണ്ലൈൻ വഴിയാക്കിയതും അപേക്ഷകൾ കുറയാൻ കാരണമായിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ വർഷം 4,48268 പേർ അപേക്ഷകരാണുണ്ടായിരുന്നത്. ഇവരിൽ 1,23,700 പേർക്കാണ് അവസരം ലഭിച്ചത്. തൊട്ടു മുന്പുളള വർഷം ഇന്ത്യയിൽ വിവിധ ഹജ്ജ് കമ്മിറ്റികൾക്ക് കീഴിൽ 4,05,187 അപേക്ഷകരുണ്ടായിരുന്നു. ഈ വർഷം അപേക്ഷകർ കുറഞ്ഞത് കാരണം അപേക്ഷ സമർപ്പിക്കാനുളള അവസാന തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടിയേക്കും.