കൊണ്ടോട്ടി:ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ടു ആദ്യഗഡു പണവും പാസ്പോർട്ടും സമർപ്പിക്കേണ്ട സമയ പരിധി ഈ മാസം 15 വരെ നീട്ടി.നേരത്തെ ഫെബ്രുവരി അഞ്ച് വരെയായിരുന്നു സമയപരിധി നിശ്ചിയിച്ചിരുന്നത്.എന്നാൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ പേർ പണവും പാസ്പോർട്ടും നൽകാൻ ബാക്കിയുള്ളതിനാൽ 10 ദിവസം കൂടി അധികം നൽകുകയായിരുന്നു.
കേരളത്തിൽ 1020 പേർ ഇനിയും പാസ്പോർട്ട്, മെഡിക്കൽ റിപ്പോർട്ട്, ആദ്യഗഡു പണം 81,000 രൂപ അടച്ചതിന്റെ പേ-ഇൻസ്ലിപ്പ് എന്നിവ ഹാജരാക്കാനുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം 11472 പേർക്കാണ് അവസരം ലഭിച്ചത്. ഇവരിൽ 10452 പേർ ഇതിനകം പണമടച്ച് പാസ്പോർട്ടും അനുബന്ധരേഖകളും സമർപ്പിച്ചിട്ടുണ്ട്.
ശേഷിക്കുന്നവരിൽ 1020 പേരാണ് ഇനി രേഖകൾ സമർപ്പിക്കാനുളളത്. ആദ്യഗഡുവിനൊപ്പം രണ്ടാംഗഡു പണം അടക്കാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഒരുമിച്ച് പണമടച്ചവർ കുറവാണ്. കഴിഞ്ഞ 17 മുതലാണ് ഹജ്ജ് പണം അടക്കലും,പാസ്പോർട്ട് സ്വീകരണവും ആരംഭിച്ചത്.