കൽപ്പറ്റ: വടക്കേ വയനാട്ടിലെ തവിഞ്ഞാൽ വില്ലേജിൽപ്പെട്ട മക്കിമലയിൽ സർക്കാർ പുറന്പോക്കെന്ന് റവന്യൂ രേഖകളിൽ പറയുന്ന മക്കിമലയിൽ 762 അനധികൃത കൈവശക്കാർ. മക്കിമലയിലെ കൈയറ്റങ്ങളും വ്യാജ പ്രമാണങ്ങൾ ചമച്ച് നടത്തിയ ഭൂമി ഇടപടുകളും സബന്ധിച്ച വാർത്തയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഇന്നലെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിലാണ് ഈ വിവരം.
മക്കിമലയിൽ 68/1ബി, 90/1 എന്നീ സർവേ നന്പരുകളിലായി 990.12 ഏക്കറാണ് സർക്കാർ പുറന്പോക്കായി ഉണ്ടായിരുന്നത്. ഇതിൽ 68/1ബി സർവേ നന്പരിൽപ്പെട്ട 662.65 ഏക്കറിൽ 610.72 ഏക്കറാണ് പതിച്ചു നൽകിയത്. 45 ഏക്കർ പൊതു ആവശ്യത്തിനു നീക്കിവച്ചു. 90/1 സർവേ നന്പരിൽ 108.76 ഏക്കർ പൊതു ആവശ്യത്തിനായി മാറ്റി. 208. 71 ഏക്കർ പതിച്ചു നൽകി.
68/1ബി സർവേ നന്പരിൽ 68 പട്ടാളക്കാരടക്കം 257 പേർക്കായി 520.89 ഏക്കറിനാണ് പട്ടയം അനുവദിച്ചത്. 90/1 സർവേ നന്പരിൽ 129 പേർക്കായി 198.17 ഏക്കറിനു പട്ടയം നൽകി. ഇതിൽ 33 പേരാണ് പട്ടാളക്കാർ. 1964നും 1971നും ഇടയിലാണ് ഈ പട്ടയങ്ങൾ അനുവദിച്ചത്. പട്ടാളക്കാർക്കുൾപ്പെടെ പതിച്ചുനൽകിയ ഭൂമിയിലാണ് അനധികൃത കൈവശക്കാരുള്ളത്. ഭൂമിക്ക് പട്ടയം നേടാനുള്ള പരിശ്രമത്തിലാണ് കൈവശ കുടുംബങ്ങൾ.
പട്ടയത്തിനായി സമര സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയ കൈവശക്കാർ ആത്മഹത്യാഭീഷണി മുഴക്കുകയുണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.