വൈക്കം: പ്രളയത്തിൽ കൃഷിഫാം മുങ്ങി ലക്ഷങ്ങൾ നഷ്ടമായിട്ടും പാതി തളർന്നു പോയ ശരീരത്തെ വാക്കറിന്റെ സഹായത്താൽ ഉയർത്തി ഫാം പുനരുജ്ജീവിപ്പിച്ച് അതിജീവനത്തിനൊരുങ്ങി ഒരു കർഷകൻ. വൈക്കം തലയാഴത്തെ ഗുരുകൃപ ഹോർട്ടി കൾച്ചറൽ നഴ്സറി ഉടമ പുളിക്കാശ്ശേരി ചെല്ലപ്പനെന്ന മക്കൻസാണ് നഷ്ടങ്ങളെ അവഗണിച്ച് സാമുഹ്യ പ്രതിബദ്ധതയാൽ പൂർവാധികം ശക്തിയോടെ കൃഷി രംഗത്തേക്ക് തിരിച്ചു വന്നത്.
നാടിനെ ഒന്നാകെ വിഴുങ്ങിയ പ്രളയം ഒരു കാന്താരി തൈപോലും എങ്ങും അവശേഷിപ്പിച്ചില്ല. നാടിന്റെ ഹരിതാഭ വീണ്ടെടുക്കാൻ കർഷകർ നൊന്പരങ്ങൾ മാറ്റി വച്ച് ഉയിർത്തെഴുനേൽക്കണമെന്ന് ചെല്ലപ്പൻ പറയുന്നു. പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്ക് വീടൊരുക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ 46 സെന്റിൽ 21 സെന്റ് വിട്ടു നൽകാൻ കളക്ടർക്ക് സമ്മതപത്രവും മക്കൻസ് നൽകിക്കഴിഞ്ഞു.
സർക്കാർ കൃഷി പ്രോൽസാഹനത്തിനായി പഞ്ചായത്തുകൾ വഴി പച്ചക്കറിതൈ വിതരണം ചെയ്യുന്നതിനു ഒരു കോടി രൂപയുടെ ഓർഡർ തന്നാൽ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടയ്ക്കാമെന്നും ഇദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
20 രൂപയ്ക്കിപ്പോൾ നൽകുന്ന പപ്പായ ഇനമായ റെഡ് ലേഡിയുടെ ഓരോ ചെടി വിൽക്കുന്പോഴും അതിൽ നിന്ന് അഞ്ചു രൂപയും കറിവേപ്പ് തൈയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നും ചെല്ലപ്പൻ പറഞ്ഞു.