കാട്ടാക്കട: കുറ്റിച്ചൽ ജംഗ്ഷനിലെ ജ്വല്ലറിയിൽ നിന്നും ഉടമയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് മാല മോഷ്ടിച്ച കേസിലെ പ്രതികളെ നെയ്യാർഡാം പോലീസ് ചോദ്യം ചെയ്തു വരുന്നു.
ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു. കാട്ടാക്കട മേഖലയിൽ നടന്ന മറ്റ് മോഷണക്കേസുകളിലെ പ്രതികൾ ഇവരാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
മോഷ്ടിച്ച മാലകൾ കണ്ടെടുത്തു. മലയിൻകീഴ് സ്വദേശികളായ ഇവർ ബാലരാമപുരം പനയറകുന്ന് ഭാഗത്തു വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തി വന്നിരുന്നത്.
ബാലരാമപുരത്തെ മറ്റൊരു ജ്വല്ലറിയിലും ഇവർ മോഷണവും നടത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ബാഗുകളും വസ്ത്രങ്ങളും ഉൾപ്പടെ പോലീസ് കണ്ടെടുത്തു.
കാർ വാടകയ്ക്ക് എടുത്താണ് ഇവർ മോഷണം നടത്തിയത്. കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് പിന്നിൽ മറ്റ് മോഷണസംഘങ്ങൾ ഉണ്ടാവാമെന്ന് പോലീസ് സംശയിക്കുന്നു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുറ്റിച്ചലിലെ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ആറുപവൻ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
പോലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി.
മലയിൻകീഴ് പുതുവൻപുത്തൻ വീട് വിഷ്ണു ഭവനിൽ വിഷ്ണു ( 22 ) ഭാര്യ കുറ്റിച്ചൽ തച്ചൻകോട് ഷാജി മൻസിലിൽ അൻഫാ (24),മലയിൻകീഴ് മടത്തിങ്കര രമ്യ നിലയത്തിൽ ഹരികൃഷ്ണൻ (25) ഭാര്യ വിഴിഞ്ഞം പനയറ കുന്ന് ശ്രീനിലയം കിടാരകുഴിയിൽ അനീഷ ( 23 ) എന്നിവരാണ് പിടിയിലായത്.
കൈ കുഞ്ഞുമായി കാറിലെത്തിയ മോഷണ സംഘം ജ്വല്ലറിയക്കു സമീപം നിലയുറപ്പിച്ചു. ജ്വല്ലറിയിൽ ഉടമ മാത്രമായതോടെ യുവതിയും യുവാവും കടയ്ക്കുള്ളിൽ കയറി. മൂന്നുപവന്റെ രണ്ട് സ്വർണമാലകൾ വാങ്ങി.
പണം നൽകാനുള്ള സമയത്ത് മുളക് പൊടി ജ്വല്ലറി ഉടമയുടെ മുഖത്ത് എറിഞ്ഞ ശേഷം സംഘം പുറത്തുകിടന്ന സ്വിഫ്റ്റ് കാറിൽ കയറി സ്ഥലം വിട്ടു.
കാറിനുള്ളിൽ ഒരു പുരുഷനും സ്ത്രീയും ഇവരെ കാത്തു ഇരുന്നിരുന്നു. ഇവർ പുറത്തേക്ക് ഓടിയതോടെ ഉടമ ബഹളം വച്ച് പുറത്തിറങ്ങി.
ഇതോടെയാണ് സംഭവം പ്രദേശവാസികൾ അറിയുന്നത്.ഉടൻ തന്നെ തസ്കര സംഘം വന്ന കാറിനെ കുറിച്ചുള്ള വിവരം ഉൾപ്പെടെ പോലീസിൽ അറിയിച്ചു. കാട്ടാക്കടയിൽ നിന്നും പോലീസ് സംഘം കുറ്റിച്ചൽ എത്തുകയും സ്വർണവുമായി കടന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ചുള്ള വിവരം മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തു.
പോലീസ് ജാഗ്രതയോടെ ഇടപെട്ടതോടെ മലയിൻകീഴിന് സമീപത്ത് വച്ച് പ്രതികൾ പിടിയിലാവുകയായിരുന്നു. മലയിൻകീഴ് പോലീസും കാട്ടാക്കട ഡി വൈ എസ് പി ഷാജിയുടെ സ്പെഷൽ സ്ക്വാഡ് ടീമും ചേർന്നാണ് പ്രതികളെ പിടികൂ ടിയത്.
മോഷണം നടന്നത് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം
കുറ്റിച്ചലിലെ ജ്വല്ലറിയിൽ നടന്ന മോഷണം നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷമാണെന്ന് കവർച്ചക്കാർ മൊഴി നൽകി.
തിരക്ക് കുറഞ്ഞ സമയം ഏതെന്ന് നോക്കി വയ്ക്കാനാണ് ഇവർ സ്വിഫ്റ്റ് കാറിൽ ഒരാഴ്ച നിരീക്ഷണം നടത്തിയത്. അതിന് സ്ഥലവാസികൂടിയായ തച്ചൻകോട് കരിംഭൂതത്താൻ വളവ് സ്വദേശി അൻഫായുടെ സഹായവും തേടി. അവരാണ് ജ്വല്ലറിയിൽ കുഞ്ഞുമായി കയറിയത്.
മോഷണം പ്ലാൻ ചെയ്തതും ഇവരാണ്. ഇവർ മാലയുമായി ജ്വല്ലറിയിൽ നിന്നും ഇറങ്ങി ഓടുന്നത് വ്യാപാരികൾ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. അങ്ങനെയാണ് കാറിന്റെ നമ്പർ കിട്ടിയത്.
തുടർന്ന് പോലീസ് സന്ദേശം വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്ക കൈമാറുകയായിരുന്നു.