ഭുവനേശ്വർ: മാസ്ക് ധരിക്കാത്തവർക്ക് പെട്രോളും ഡീസലും നിഷേധിച്ച് ഒഡീഷയിലെ പമ്പ് ഉടമകൾ. മാസ്ക് ധരിക്കാതെ വീടിനു പുറത്തിറങ്ങരുതെന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പമ്പ് ഉടമകളുടെ നടപടി. ഉത്കൽ പെട്രോളിയം ഡിലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലാത്താണ് ഇക്കാര്യം അറിയിച്ചത്.
ഒഡീഷയിൽ 1600 ഓളം പെട്രോൾ പമ്പുകളാണുള്ളത്. സർക്കാർ മാർഗനിർദേശങ്ങൾ ആളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തീരുമാനമെന്ന് ലാത്ത് പറഞ്ഞു.
അണുബാധയ്ക്കു സാധ്യതയുള്ളതിനാൽ പമ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാർ തങ്ങളുടെ ജീവൻ അപകടത്തിലാക്കിയാണ് ജോലി ചെയ്യുന്നത്. എല്ലാവരും മാസ്ക് ധരിച്ചാൽ വൈറസ് ബാധയിൽനിന്ന് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും രക്ഷനേടാൻ കഴിയും.
സംസ്ഥാനത്തെ എല്ലാ ഫില്ലിംഗ് സ്റ്റേഷൻ ഉടമകളോടും അവരുടെ ഔട്ട്ലെറ്റുകളിൽ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡം കർശനമായി നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അറിയിച്ചു. പലചരക്ക്, പച്ചക്കറി കട ഉടമകളും മാസ്ക് ധരിക്കാത്ത ഉപഭോക്താക്കൾക്ക് സാധനങ്ങൾ നൽകില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വീടുകളിൽ നിന്ന് ഇറങ്ങുമ്പോൾ ആളുകൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്.
നിയമം ലംഘിച്ചാൽ ആദ്യത്തെ മൂന്നു വട്ടം 200 രൂപയാണ് പിഴ. വീണ്ടും നിയമം ലംഘിച്ചാൽ 500 രൂപ വീതം പിഴ ചുമത്തും. വ്യാഴാഴ്ച രാവിലെ മുതൽ നിയമം സംസ്ഥാനത്ത് എല്ലായിടത്തും പ്രാബല്യത്തിലുണ്ട്.