മാള: റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് എടുത്തു മാറ്റിയ മാളയെ അടയാളപ്പെടുത്തിയ നൂറു വർഷത്തിലധികം പഴക്കമുള്ള ശില സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാള ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന മാള – പൂജ്യം എന്ന് രേഖപ്പെടുത്തിയ അഞ്ചടി ഉയരവും ഒന്നര അടി വീതിയും ഒരടി കനവുമുള്ള രണ്ടു കരിങ്കൽ ഫലകമാണു രണ്ടുവർഷം മുമ്പ് ടൗൺ റോഡ് വികസനത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയത്.
അതിൽ ഒന്ന് ടൗണിലെ കാന നിർമാണത്തിനായി എടുത്തു മാറ്റിയ മണ്ണിനൊപ്പം മാള കടവിൽ നിക്ഷേപിച്ചിരുന്നെങ്കിലും മണ്ണു ലേലം ചെയ്ത് എടുത്തവർ കരിങ്കല്ലിന്റെ ഫലകം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മറ്റൊന്ന് റോഡരികിൽ അനാഥമായി കിടക്കുന്നുണ്ട്. ഈ കരിങ്കൽ ഫലകം സ്ഥാപിക്കുന്ന കാലയളവിൽ അന്നത്തെ മാള ടൗണിന്റെ വിസ്തൃതി 50 മീറ്റർ ചുറ്റളവിൽ ഒതുങ്ങുന്നതായിരുന്നു.
ഒരു കാലത്ത് യഹൂദരുടെ പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു ഇവിടം. എന്നാൽ, പിന്നീട് യഹൂദർ ഇസ്രായേലിലേക്ക് തരിച്ചുപോകുന്നതിന്റെ ഭാഗമായി അവരുടെ കച്ചവട സ്ഥാപനങ്ങളും മറ്റും പ്രദേശവാസികൾക്കു വില്പന നടത്തിയും യഹൂദ സിനഗോഗും സിമിത്തേരിയുമെല്ലാം മാള ഗ്രാമപഞ്ചായത്തിനെ കരാർ പ്രകാരം ഏൽപ്പിക്കുകയുമായിരുന്നു.
അടുത്ത കാലത്ത് യഹൂദ സിനഗോഗും സെമിത്തേരിയും പൈതൃക സ്മാരകങ്ങളായി പ്രഖ്യാപിക്കുകയും മുസിരിസ് പൈ തൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ ജോലികൾ നടന്നു കൊണ്ടിരിക്കുകയുമാണ്.
ആ ചരിത്ര സ്മാരകങ്ങളെക്കാ ളും പഴക്കമുള്ളതും ചിരിത്രം വിളിച്ചോതുന്നതുമായ ഈ ശിലകളും സംരക്ഷിച്ച് അവ സ്ഥിതി ചെയ്തിരുന്ന റോഡരികിനോട് ചേർന്നുതന്നെ പുനസ്ഥാപിക്കണമെന്നാണു പൈതൃക സ്നേഹികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.