ചെറായി: യാത്രാമധ്യേ ബസ് സ്റ്റോപ്പിൽവച്ച് നഷ്ടപ്പെട്ട രണ്ടര പവന്റെ സ്വർണമാല ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ വീട്ടമ്മക്കു തിരികെ ലഭിച്ചു. മുനന്പം ഐആർ വളവിൽ താമസിക്കുന്ന ഷാലറ്റ് എന്ന വീട്ടമ്മക്കാണ് നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചത്. പള്ളിപ്പുറം മാണി ബസാറിൽനിന്നും കൊടുങ്ങല്ലൂർക്ക് ബസിൽ കയറിയപ്പോഴാണ് മാല നഷ്ടമായത്.
ബസ് സ്റ്റോപ്പിൽ വീണു കിടന്നിരുന്ന മാല അതുവഴി വന്ന ഓട്ടോ ഡ്രൈവർ മങ്ങാട്ട് പ്രദീപിനാണ് ലഭിച്ചത്. ഇത് ഇയാൾ ഉടൻ മുനന്പം പോലീസിൽ ഏല്പിച്ചു. മാല നഷ്ടപ്പെട്ടതറിഞ്ഞ് പിന്നീട് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് മാല പോലീസിനു ലഭിച്ചതായി അറിയുന്നത്.
പിന്നീട് അവർ അടയാളങ്ങൾ പറഞ്ഞതോടെ ഓട്ടോ ഡ്രൈവറായ പ്രദീപിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്ഐ ബഷീറിന്റെ സാന്നിധ്യത്തിൽ മാല വീട്ടമ്മക്ക് തിരികെ നൽകി.