കോട്ടയം: ഇന്നോവ വില്ക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചുവരുത്തിയശേഷം സ്വർണമാല തട്ടിയെടുത്ത നാലംഗ സംഘത്തെക്കുറിച്ചു സൂചന ലഭിക്കാതെ പോലീസ്.
കഴിഞ്ഞ 11നാണ് ചങ്ങനാശേരി ചീരംചിറം കോക്കാട്ട് ചാക്കോച്ച(50)നെയും കുടുംബത്തെയും കാർ വിൽപന ഷോറൂമിൽനിന്നെന്നു പറഞ്ഞു വിളിച്ച സംഘം പുതുപ്പള്ളിയിലേക്കു വിളിച്ചു വരുത്തിയത്. തുടർന്നാണ് കാർ കാണിക്കാമെന്ന് പറഞ്ഞു ആളൊഴിഞ്ഞ വീട്ടിൽ വിളിച്ചു കയറ്റിയശേഷം മാല പൊട്ടിച്ചെടുത്ത് നാലംഗ സംഘം രക്ഷപ്പെട്ടത്.
പ്രഫഷണൽ മോഷ്്ടാക്കളുടെ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വില്ക്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇത്തരം കേസുകളിൽപ്പെട്ട് ജയിലുകളിൽ കഴിഞ്ഞ് അടുത്തനാളിൽ പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ചാക്കോച്ചനെ വിളിച്ച ഫോണ് നന്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഇപ്പോൾ ഈ ഫോണ് നന്പർ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
നാലംഗ സംഘം സഞ്ചരിച്ച ചുമന്ന കാറിന്റെ നന്പറും വ്യാജമാണ്. കോട്ടയം സ്വദേശിയായ ഒരാളുടെ പേരിലുള്ള വാഹനത്തിന്റെ നന്പറാണ് നാലംഗ സംഘത്തിന്റെ കാറിനു നല്കിയിരുന്നത്.
ഇവരുടെ കാറിന്റെ കളറും ചുമന്നതാണ്. ഇതോടെയാണ് നാലംഗ സംഘ പ്രഫഷണൽ മോഷ്്ടാക്കളാണെന്ന് നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതികൾ സഞ്ചരിച്ച കാറിന്റെ നന്പർ പോലീസിനു ലഭിച്ചത്. ചാക്കോച്ചന്റെ ബന്ധുവിനു വേണ്ടിയാണ് ഇവർ ഇന്നോവ വാങ്ങാൻ തീരുമാനിച്ചത്.