കൊല്ലം: പുലർച്ചെ നടക്കാനിറങ്ങുന്നതും ആരാധനാലയങ്ങളിലും പോകുന്ന സ്ത്രീകളെ ബൈക്കിലെത്തി ആക്രമിച്ചശേഷം സ്വർണമാല കവരുന്ന കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള അയത്തിൽ കരുത്തറ ക്ഷേത്രത്തിന് സമീപം കാവുങ്കൽ കിഴക്കതിൽ വീട്ടിൽ രതീഷ് (34), മോഷ്ടിച്ചമാലകൾ വിൽക്കാൻ സഹായിക്കുന്നതിന് ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരാണ് പിടിയിലായത്.
രതീഷിന്റെ അറസ്റ്റോടെ ജില്ലയിലെ നിരവധി മാലമോഷണ കേസുകൾക്ക് തുമ്പുണ്ടായി. സിറ്റി പോലീസ് കമ്മീഷണർ ഡോ.സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡാണ് ഇരുവരെയും പിടികൂടിയത്. പ്രാവുകളെ വളർത്തുന്നതിനും ആഡംബര ജീവിതത്തിനും ആണ് ഇയാൾ മോഷണ തുക ഉപയോഗിച്ചിരുന്നത്. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാത്ത ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളവരുമായി അടുപ്പവും ഉണ്ടായിരുന്നില്ല.
ആരുമായും സൗഹൃദം ഇല്ലാത്തതിനാലും മാന്യമായി കുടുംബ ജീവിതം നയിക്കുന്ന ആളായി നടിച്ചിരുന്നതിനാലും ഇയാളെ കുറിച്ച് പരിസരവാസികൾക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ അതിരാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി പ്രഭാത സവാരിക്കും ആരാധനാലയങ്ങളിലും പോകുന്ന സ്ത്രീകളുടെ മാല കവർന്നശേഷം സാധാരണ പോലെ ജോലിക്ക് പോകുകയാണ് പതിവ്.
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തലയിൽ തൊപ്പി ധരിച്ചിരിക്കും. ചിലപ്പോൾ വൈകുന്നേരം ജോലികഴിഞ്ഞ് തിരികെ വരുമ്പോഴും ഇരകളെ കണ്ടെത്താറുണ്ട്. നഗരത്തിൽ ഇത്തരത്തിലുള്ള മോഷണം വ്യാപകമായതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിക്കുകയും ഇവർ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചും ദിവസങ്ങളോളം നിരീക്ഷണം നടത്തിയുമാണ് പ്രതിയെ തന്ത്രപൂർവം വലയിലാക്കിയത്.
ഇന്ത്യൻ പബ്ലിക് സ്കൂളിന് സമീപം മോനിഷയുടെ മാല, ഇരവിപുരം തമ്പുരാൻമുക്കിൽ രാജശ്രീയുടെ മാല മോഷണം ഉൾപ്പെടെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ഇരവിപുരം, കൊട്ടിയം എന്നിവിടങ്ങളിൽ നിന്നായി 25–ഓളം മോഷണം നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ രതീഷിന്റെ പക്കൽ നിന്ന് നിരവധി മുക്കുപണ്ടവും പണവും സ്വർണാഭരണങ്ങളും രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ജുവലറികളിൽ സ്വർണം വിറ്റതായും ബോധ്യപ്പെട്ടു.
കൊല്ലം എസിപി ജോർജ് കോശി, സ്പെഷൽ ബ്രാഞ്ച് എസിപി എസ്.ഷിഹാബുദീൻ, ഈസ്റ്റ് സിഐ മഞ്ചുലാൽ, എസ്ഐ ജയകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ വിപിൻകുമാർ, എഎസ്ഐ സുരേഷ്കുമാർ, എസ്സിപിഒ ബിനു, ഷാഡോ പോലീസുകാരായ ഹരിലാൽ, വിനു, മനു, സീനു, റിബു, രാജൻ, മണികണ്ഠൻ, സിയാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.