നെടുമ്പാശേരി: മോഷണവും പിടിച്ചുപറിയും തടയുന്നതിന് വ്യാപാരികളും നാട്ടുകാരും ജാഗ്രത സമിതികൾ രൂപീകരിക്കുന്നതിനിടെ ഇന്നലെ രാത്രിയും നെടുമ്പാശേരിയിൽ പിടിച്ചുപറി നടന്നു. ജോലി കഴിഞ്ഞ് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരിയുടെ രണ്ടര പവൻ സ്വർണമാലയാണ് കവർന്നത്.
അങ്കമാലി എൽഎഫ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ ചെറിയവാപ്പാലശേരി പോട്ടായപറമ്പിൽ ഷിൻസി (24)യുടെ സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടംഗ സംഘം കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ദേശീയപാതയിൽ ചെറിയവാപ്പാലശേരി പള്ളിക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. തെരുവുവിളക്കുകളും കച്ചവട സ്ഥാപനങ്ങളും ഇല്ലാത്ത സ്ഥലമാണ് പിടിച്ചുപറിക്കാൻ തിരഞ്ഞെടുത്തത്. ഷിൻസി ദിവസവും ജോലി കഴിഞ്ഞ് ഇതേസമയത്ത് ഇതുവഴി പോകാറുണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ് പിടിച്ചുപറിക്ക് പിന്നിലെന്നാണ് സൂചന.
സംഭവമറിഞ്ഞ് ഹൈവേ പൊലീസും നെടുമ്പാശേരി, അങ്കമാലി പൊലീസും പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ് മാസത്തിലേറെയായി നെടുമ്പാശേരി, ചെങ്ങമനാട്, കുറുമശേരി, കുന്നുകര മേഖലകളിൽ വ്യാപകമായ മോഷണമാണ് നടക്കുന്നത്. മോഷണം തടയുന്നതിൽ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതേതുടർന്ന് ചില സ്ഥലങ്ങളിൽ വ്യാപാരികൾ സ്വന്തം നിലയിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് മോഷണം തടയുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വഴി യാത്രക്കാരിയെ തടഞ്ഞുനിർത്തി മാല പൊട്ടിച്ച സംഭവം ഉണ്ടായിട്ടുള്ളത്.