കോട്ടയം: വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിൽ പിടിയിലായവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും.
മറ്റിടങ്ങളിൽ മാല പൊട്ടിച്ചു സ്വർണം അപഹരിച്ച കേസിലും മറ്റു മോഷണത്തിലും സംഘത്തിനു പങ്കുണ്ടോയെന്ന് വ്യക്തമാകുന്നതിനാണു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നത്.
കോട്ടയം നഗരമധ്യത്തിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ടശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സംഭവത്തിൽ കഞ്ഞിക്കുഴി കൊച്ചുപറന്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരാണു പിടിയിലായത്.
പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രഥമിക ചോദ്യം ചെയ്യലിൽ ലഭിക്കുന്ന സൂചന. ഇവരിൽനിന്നും മോഷ്ടിച്ചെടുത്ത നാലരപ്പവൻ സ്വർണ്ണമാലയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
ജനാർദനനനും അനീഷും സാധാരണ ദിവസങ്ങളിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പതിവ്. ഭിക്ഷയെടുത്തോ, ആക്രി സാധനങ്ങൾ മോഷ്ടിച്ചു വിറ്റോ കണ്ടെത്തുന്ന പണം മദ്യപിക്കുന്നതിനാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ഇത്തരത്തിൽ പണം ലഭിക്കാതെ വന്നതോടെ പ്രതികൾ ഇന്നലെ മോഷണം നടത്താനുള്ള ലക്ഷ്യത്തോടെ രംഗത്തിറങ്ങുകയായിരുന്നു. മാമ്മൻ മാപ്പിള ഹാൾ ഭാഗത്തു നിന്നും മാർക്കറ്റിനുള്ളിലേക്കുള്ള ഇടവഴിയിലൂടെ ഇവർ നടക്കുകയായിരുന്നു.
തുടർന്നു, പ്രദേശത്തെ ആളൊഴിഞ്ഞ വീട് കണ്ടെത്തിയ ശേഷം വയോധികയോട് സഹായം ആവശ്യപ്പെട്ടു. ഇവർ പണം നൽകിയ ശേഷം പ്രതികൾക്കു വെള്ളവും ചായയും നൽകി. ഇതിനിടെ ഇവർ വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു.
വിവരം അറിഞ്ഞതോടെ കണ്ട്രോൾ റൂം പോലീസ് സംഘം സ്ഥലത്ത് എത്തി. നഗരത്തിലും മാർക്കറ്റിലും പ്രദേശത്തു പരിശോധന നടത്തിയ കണ്ട്രോൾ റൂം എഎസ്ഐ ഐ.സജികുമാർ, എഎസ്ഐ സന്തോഷ്, സിവിൽ പോലീസ് ഓഫിസർ അനീഷ് എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ രണ്ടു പേരെയും പിടികൂടുകയായിരുന്നു.