ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറക്കം. മുന്തിയ ഹോട്ടലുകളിൽ മദ്യപാനവും മൃഷ്ടാന ഭോജനവും. മിച്ചമുള്ള കളക്ഷൻ വീതംവയ്ക്കും. തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ മാല മോഷണക്കേസുകളിലെ പ്രതികളുടെ ജീവിതചര്യ ഇങ്ങനെയാണ്.
ആർഭാട ജീവിതവും ധൂർത്തിനു വേണ്ടിയാണ് ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുന്നതെന്ന് മോഷ്ടാക്കൾ പറഞ്ഞു. നാലുകോടി സ്വദേശികളായ പ്രണവ്, അലൻ റേയി, ജസ്റ്റിൻ ബിജു എന്നിവരാണ് ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണ രീതിയുടേയും ആർഭാട ജീവിതത്തിവന്റെയും ചുരുളഴിയുന്നത്.തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ ആസൂത്രിത അന്വേഷണങ്ങളിലാണ് പ്രതികളായ നാലു യുവാക്കളെ പിടികൂടാനായത്.
പ്രതികളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പിടിച്ചുപറിച്ചു കിട്ടുന്ന സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് മുന്തിയ ഹോട്ടലുകളിലേക്കാണ് സംഘം പോകുന്നത്. മദ്യപാനം നടത്തുന്നതിനൊപ്പം മൃഷ്ടാന ഭോജനവും ഇവരുടെ പതിവുക്രമമായിരുന്നു.
മോഷ്ടിച്ച ബൈക്കുകളിലും വാടകയ്ക്കെടുത്ത ബൈക്കുകളിലും കറങ്ങി നടന്നാണ് സംഘം സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നത്.ഇവർ ബൈക്കുകളിലും കാറുകളിലുമായി മംഗലാപുരം, ഗോവ, ബംഗളുരു എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നതായും പോലീസിനു സൂചനകൾ ലഭിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതി ജിസിനെ പോലീസ് അന്വേഷിച്ചു വരികയാണ്.സ്വർണമാല പിടിച്ചുപറിക്കൽ കൂടാതെ ബൈക്ക് തട്ടിയെടുത്ത കേസും ഇയാളുടെ പേരിലുള്ളതായും പോലീസ് പറഞ്ഞു.