ചെങ്ങന്നൂർ: ബൈക്ക് യാത്രികനായ യുവാവിനെ ആക്രമിച്ച് സ്വർണമാല കവർന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലാ പെണ്ണുക്കര ശ്രീകാർത്തികയിൽ കരുണാകരൻ നായരുടെ മകൻ ഗണേശ് കെ.നായരു (39) ടെ കഴുത്തിൽ ധരിച്ചിരുന്ന എട്ടരപവൻ വരുന്ന മാലയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ കവർന്നത്.
ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ആദ്യം വഴി ചോദിച്ച ശേഷം ഗണേശന്റെ പിന്നാലെ എത്തി കണ്ണിൽ മുളകുപൊടി വിതറി മർദ്ദിച്ച ശേഷം മാല അപഹരിക്കുകയായിരുന്നു്. ചൊവ്വാഴ്ച രാത്രിപത്തോടെ പെണ്ണുക്കര മാർത്തോമ്മാ പള്ളിക്കു സമീപത്തുള്ള വിജനമായ പ്രദേശത്തു വച്ചായിരുന്നു സംഭവം.
ഗൾഫിൽ ജോലിയുണ്ടായിരുന്ന ഗണേശൻ ശാരീരിക അവശതകളെ തുടർന്നു നാട്ടിലെത്തിയതാണ്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങി വരുന്ന വഴി പെണ്ണുക്കര ഗവ. യുപി സ്കൂളിനു സമീപത്തുവച്ച് ബൈക്കിലെത്തിയ രണ്ടു പേർ മുളക്കുഴ പെരിങ്ങാലയിലേക്കുള്ള വഴി ഏതാണെന്നു ചോദിച്ചു.
വഴി പറഞ്ഞു കൊടുത്ത ശേഷം മുന്നോട്ടു പോയ തന്റെ പിന്നാലെ വഴി ചോദിച്ചവർ വന്നുവെന്നും അര കിലോമീറ്റർ പിന്നിട്ടപ്പോൾ അവർ മുളകുപൊടി കണ്ണിൽ വിതറിയ ശേഷം മർദ്ദിച്ച് താഴെ വീഴ്ത്തിയ ശേഷം മാല കവരുകയായിരുന്നുവെന്നും ഗണേശ് പറഞ്ഞു. മോഷ്ടാക്കളെ കണ്ടാലറിയാവുന്നവരാണ്. പോലീസ് അന്വേഷണമാരംഭിച്ചു.