എരുമേലി: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പറിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് മണിക്കൂറുകൾക്കകം വിദഗ്ധമായി പിടികൂടി. കൂവപ്പളളി മണ്ണാറക്കയം അഞ്ചലിപ്പ കോളനിയിൽ നിർമലാ ഭവനിൽ രഞ്ജിത്ത് രാജു (26) ആണ് അറസ്റ്റിലായത്. മണിമല കറിക്കാട്ടൂർ കോലെഴുത്ത് കലുങ്ക് ഭാഗത്ത് കുളപ്പുരയ്ക്കൽ രാജേഷിന്റെ ഭാര്യ സുലേഖയുടെ മാലയാണ് അപഹരിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം. സുലേഖയുടെ കടയിൽ സാധനം വാങ്ങിയ ശേഷം ബാക്കി തുക വാങ്ങുന്നതിനിടെയാണ് മുളകുപൊടി കണ്ണിൽ വിതറി മാല പറിക്കാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെപ്പറ്റി തെളിവുകളൊന്നുമില്ലായിരുന്നു. എന്നാൽ, എസ്പി യുടെ നിർദേശപ്രകാരം മേഖലയിലെ സിസി ടിവി കാമറകൾ പരിശോധിച്ചതിൽ സംശയകരമായി കണ്ട വാഹനങ്ങൾ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെട്ടെന്നു ധനവാനാകാനാണ് മോഷണത്തിനിറങ്ങിയതെന്നു മൊഴി നൽകിയ പ്രതി മറ്റ് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞയിടെ എരുമേലിയിലും സമാനമായ സംഭവം നടന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്യുമെന്ന് പോലിസ് പറഞ്ഞു.
എസ്പി മുഹമ്മദ് റഫീഖിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ഇമ്മാനുവേൽ പോളിന്റെ മേൽനോട്ടത്തിൽ മണിമല സിഐ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.