പത്തനംതിട്ട: ബൈക്കില്‍ പിന്തുടര്‍ന്ന ഹെല്‍മറ്റ് ധാരികള്‍ മാല പൊട്ടിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച സ്കൂള്‍ അധ്യാപികയ് ക്ക് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു. മെഴുവേലി ആലക്കോട് വട്ടമോടിയില്‍ സജിയുടെ ഭാര്യ രമ്യ(36)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 6.30ഓടെ എലിമുക്കില് നിന്നും കാരിത്തോട്ട വഴി മെഴുവേലിക്ക് പോകുന്ന റോഡിലായിരുന്നു സംഭവം.
ചങ്ങനാശേരി എസ്എന്‍ഡിപി സ്കൂള്‍ അധ്യാപികയായ രമ്യ ട്രെയിനില്‍ വന്ന് ചെങ്ങന്നൂരില്‍ ഇറങ്ങിയ ശേഷം സ്കൂട്ടറിലാണ് വീട്ടിലേക്ക് പോകുന്നത്. മുളക്കുഴ മുതല്‍ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ രമ്യയെ പിന്തുടര്ന്നിരുന്നു. എലിമുക്കിനും കാരിത്തോട്ട ഗുരുമന്ദിരത്തിനും മധ്യേയുള്ള വിജനമായ ഭാഗത്താണ് മാല പൊട്ടിക്കാന്‍ ശ്രമം നടന്നത്.
കവര്‍ച്ചക്കാരെ തടയുന്നതിനിടയില്‍ സ്കൂട്ടറില്‍ നിന്ന് രമ്യ വീണു. ഇതു കണ്ട് ബൈക്കിലെത്തിയവര്‍ മാല കവരാന്‍ നില്‍ക്കാതെ കുറിയാനിപ്പള്ളി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി.
നാലുപവന്റെ മാലയാണ് കഴുത്തില്‍ അണിഞ്ഞിരുന്നതെന്ന് രമ്യയുടെ ഭര്‍ത്താവ് സജി പറഞ്ഞു. റോഡിലേക്ക് തലയടിച്ചാണ് രമ്യ വീണത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായ പരിക്ക് ഒഴിവായി. എന്നാല്‍ ശരീരത്ത് മുറിവും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രമ്യയെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.