കളമശേരി: വീട്ടിലെ മേശയ്ക്കു മുകളിൽ ഊരി വച്ചിരുന്ന നാലര പവന്റെ താലിമാല കാണാതായത് പരാതി നൽകിയ ഫോട്ടോഗ്രാഫറെ പ്രതിയാക്കി പോലീസിൽ പരാതി. എച്ച്എംടി കവലയിൽ സ്റ്റുഡിയോ നടത്തുന്ന ബിജുവിനെയാണ് രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ വെട്ടിലാക്കിയിരിക്കുന്നത്.
കളമശേരി പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന ബിജുവിന്റെ വീട്ടിൽ കഴിഞ്ഞ ഒൻപതിന് ഭാര്യാ സുഹൃത്തും കുടുംബവും എത്തിയിരുന്നു. അതിനു ശേഷമാണ് കുളിക്കുന്നതിന് മുമ്പ് മേശയുടെ മേൽ ഊരി വച്ച മാല കാണാതായത്.
വീട്ടിൽ ആരും വന്നിട്ടില്ലാത്തതിനാൽ സ്വാഭാവികമായും വീട്ടിലെത്തിയ ദമ്പതിമാരോട് വിവരം അറിയിച്ചു. അവർക്ക് അറിയില്ലെന്നും മാല കണ്ടില്ലെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസിൽ പരാതി നൽകി.
പിന്നീടാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും ഫോൺ വിളി തുടങ്ങി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിന് മുന്നിലെ വാതിലിൽ ഒരു മാല ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. അതിൽ അതേ താലിയും ലോക്കറ്റും ഉണ്ടായിരുന്നു.
എന്നാൽ മൂന്ന് പവന്റെ പുതിയ മാലയാണ് ലഭിച്ചത്. ഇത് കൊണ്ടു വന്നിട്ടത് വിഷയത്തിൽ ഇടനിലക്കാരനായ ഒരു സുഹൃത്താണെന്നും തെളിഞ്ഞു. ബാക്കി ഒന്നര പവൻ തരാമെന്ന് പറഞ്ഞെങ്കിലും കേസ് പിൻവലിക്കണമെന്നാണ് പുതിയ ആവശ്യം.
മാത്രമല്ല മാനഹാനി വരുത്തിയെന്ന് പറഞ്ഞ് പ്രതികളും പരാതി നൽകി. സംഭവം ഒത്തുതീർപ്പാക്കണമെന്ന് പോലീസും സമ്മർദം ചെലുത്തുകയാണ്. ഇതിന്റെ ഭാഗമായി ബിജുവിന് ഇന്നലെ ഉച്ചയ്ക്കാണ് പരാതിയുടെ രസീത് നൽകിയത്.
ഭാര്യാ സുഹൃത്ത് നടത്തുന്ന ബ്യൂട്ടി പാർലറിലാണ് ബിജുവിന്റെ ഭാര്യ ജോലിക്ക് പോയിരുന്നത്. ഇതോടെ ജോലിയും നഷ്ടമായിരിക്കുകയാണ്.