കടുത്തുരുത്തി: കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അടുത്തിടെ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച സംഘം കോഴിക്കോട് പോലീസിന്റെ പിടിയിൽ. എറണാകുളം പാലാരിവട്ടത്തുനിന്നും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കൽ സ്ഥിരം തൊഴിലാക്കിയിരുന്ന സംഘത്തിലെ ഒരാൾ കോഴിക്കോട് സ്വദേശിയായ ജിഷ്ണു (25) വും രണ്ടാമൻ കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിലാൽ ബെക്കറു (24)മാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് പോലീസിന്റെ പരിധിയിൽവരുന്ന മേഖലയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇവിടുത്തുകാരനായ ജിഷ്ണുവിന്റെ മൊബൈൽ നന്പർ വച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം മനസിലാക്കി ജിഷ്ണു മുംബൈയിലേക്കു മുങ്ങിയിരുന്നു.
അടുത്തിടെ ഇയാൾ നാട്ടിൽ മടങ്ങിയെത്തി. തുടർന്നു ബിലാൽ ബെക്കറുമായി ചേർന്നു ബൈക്കിൽ കറങ്ങി മാല പൊട്ടിക്കൽ നടത്തി വരികയായിരുന്നു. ഇതിനിടെ ജിഷ്ണുവിന്റെ മൊബൈൽ നന്പർ ട്രെയിസ് ചെയ്തിരുന്ന കോഴിക്കോട് പോലീസിന് പ്രതി കോട്ടയത്ത് ഉണ്ടെന്ന് മനസിലായി.
തുടർന്ന് കോഴിക്കോട് പോലീസ് ടവർ ലൊക്കേഷൻ മനസിലാക്കി ജിഷ്ണു പിന്തുടർന്നു വരികയായിരുന്നു. ഇന്നലെ പാലാരിവട്ടത്തുനിന്നമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാല പൊട്ടിക്കലുകൾ തങ്ങൾ തന്നെയാണ് നടത്തിയതെന്ന് ഇരുവരും സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.
കോട്ടയം ജില്ലയിൽ അഞ്ചിടത്താണ് കഴിഞ്ഞദിവസങ്ങളിൽ പ്രതികളുടെ നേതൃത്വത്തിൽ മോഷണം നടന്നത്. കടുത്തുരുത്തി മാന്നാറിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി ബസ് കാത്തുനിൽക്കുകയായിരുന്ന വയോധികരായ സഹോദരിമാരുടെ സ്വർണമാലകൾ പൊട്ടിച്ചതോടെയാണ് പ്രശ്നം ജനശ്രദ്ധ നേടുന്നത്. ചൊവ്വാഴ്ച രാവിലെ 5.45 ഓടെ ആപ്പാഞ്ചിറ മാന്നാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം നടന്നത്.
മാന്നാർ കയ്യാലയ്ക്കൽ മേരി ജോർജ് (60), സഹോദരി എറണാകുളം തേവര കളത്തിവീട്ടിൽ ത്രേസ്യാമ്മ (76) എന്നിവരുടെ മാലകളാണ് നഷ്ടപ്പെട്ടത്. ഈരാറ്റുപേട്ടയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി ഇരുവരും ബസ് കാത്തു നിൽക്കുന്പോളാണ് സംഭവം. വീട്ടമ്മമാരുടെ സമീപത്തേക്ക് ഹെൽമറ്റ് ധരിച്ച മോഷ്ടാക്കളിൽ ഒരാൾ നടന്നെത്തി മുസ്ലിം പള്ളിയിലേക്കുള്ള വഴി ചോദിച്ചു.
മേരി വഴി പറഞ്ഞു കൊടുക്കാൻ തുടങ്ങിയപ്പോൾ മോഷ്ടാവ് ഇരുവരുടെയും കഴുത്തിൽ കിടന്ന മാലകൾ പൊട്ടിച്ചെടുത്തു സമീപത്ത് രണ്ടാമൻ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ബൈക്കിൽ കയറി കടുത്തുരുത്തി ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. മേരിയുടെ ഒന്നര പവന്റെ മാലയും ത്രേസ്യാമ്മയുടെ രണ്ടര പവന്റെ കൊന്ത മാലയുമാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ പള്ളി റോഡിലൂടെ ഇറങ്ങി വരുന്നതായി ഇവിടുത്തെ സിസി ടിവി കാമറകളിലുണ്ട്.
അന്നുതന്നെ രാവിലെ 6.30 ഓടെ അതിരന്പുഴയിൽ വയോധികയെ തള്ളി വീഴ്ത്തിയ ശേഷം മാല പൊട്ടിച്ചെടുത്തിരുന്നു. അതേദിവസം തന്നെ വൈകൂന്നേരം പാലായിലും സമാനരീതിയിൽ മാല പൊട്ടിക്കൽ നടന്നു. പിറ്റേന്ന് കാണക്കാരിയിൽ ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന വയോധികയുടെ മാലയും ബൈക്കിലെത്തി പൊട്ടിച്ചു.
രണ്ടാഴ്ച മുന്പ് നന്പ്യാകുളം പിയാത്തയ്ക്കു മുന്നിൽ പ്രാർഥിച്ചുകൊണ്ട് നിൽക്കുകയായിരുന്ന വയോധികയുടെ മാലയും സമാനരീതിയിൽ പൊട്ടിച്ചെടുത്തിരുന്നു.