കൊച്ചി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന നാല് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍.
കടലൂര്‍ സ്വദേശികളായ അനിത(57), സന്ധ്യ(34), അംബിക(31), ലക്ഷ്മി(45) എന്നിവരെയാണ് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പള്ളുരുത്തി സ്വദേശി ആനിയുടെ നാലു പവന്റെ മാല കവര്‍ന്ന കേസില്‍ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ആരാധനാലയങ്ങളിലും ബസുകളിലും തിക്കുംതിരക്കുമുണ്ടാക്കിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. പള്ളിയിലെത്തിയ ആനിയുടെ അടുത്തുകൂടിയ നാലുപേരും മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കി.
ഇതിനിടെ ആനിയുടെ മാല മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കഴുത്തില്‍ മാലകാണാതായതോടെ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
ഇവര്‍ തമ്മനത്തെ വാടക വീട്ടിലായിരുന്നു താമസം. തുണിവ്യാപാരികളാണെന്നാണ് പറഞ്ഞിരുന്നത്. മാസത്തില്‍ രണ്ടു തവണ മാത്രമാണ് ഇവര്‍ കൊച്ചിയിലെത്തിയിരുന്നത്.
ഇതില്‍ സംശയം തോന്നിയ പോലീസ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും തിരിച്ചെത്തിയ നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം ഇവര്‍ പോലീസിനോട് സമ്മതിച്ചത്.
മോഷ്ടിച്ച മാല തമിഴ്നാട്ടില്‍ വിറ്റതായാണ് മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.