കൊല്ലം: ജില്ലയിൽ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാക്കൾ ആറിടത്ത് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന രണ്ട് യുവാക്കളുടെ സിസി ടിവി ദൃശ്യങ്ങൾ സൈബർ സെൽ പുറത്ത് വിട്ടിരുന്നു. ഇതിൽ നിന്ന് ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രണ്ടു പേരും ഉത്തരേന്ത്യൻ സ്വദേശികൾ ആണെന്ന നിഗമനത്തിലാണ് പോലീസ്.
ഇവർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ചതാണ്. ഇതിന്റെ ഉടമയെ തിരിച്ചറിയുകയും ചെയ്തു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.
ഇക്കാര്യത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എന്തങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സിറ്റി – റൂറൽ പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
അതേസമയം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇവരെ കുറിച്ചുള്ള അന്വേഷണവും തെരച്ചിലും ഊർജിതമാക്കിയിരിക്കുകയാണ്. നേരത്തെയുള്ള മാലപൊട്ടിക്കൽ കേസുകളിലെ പ്രതികളുടെ ഫോട്ടോകൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. എന്നാൽ ഇവരുമായി സംശയിക്കപ്പെടുന്നവർക്ക് സാമ്യമില്ല. ഇത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.