പയ്യന്നൂര്‍: പട്ടാപ്പകല്‍ പര്‍ദ ധരിച്ചെത്തിയ ആള് വീട്ടില്‍ കയറി വയോധികയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ പര്‍ദധാരി എത്തിയത് സ്വിഫ്റ്റ് കാറിലെന്ന് സൂചന. ഇടുങ്ങിയ റോഡിലൂടെ ഉച്ചകഴിഞ്ഞ് 1.35ന് വേഗത്തില്‍ കടന്നുപോയ സ്വിഫ്റ്റ് ഡിസൈര്‍ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് പര്‍ദ ധരിച്ചെത്തിയ ആള് കൃത്യ നിര്‍വഹണത്തിന് ശേഷം രക്ഷപ്പെട്ട രീതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നോടെ പയ്യന്നൂര്‍ പെരുമ്പ തായത്തുവയലിലെ റിട്ട. അധ്യാപകന് പി.എം.അബ്ബാസും (70), ഭാര്യ എസ്.പി. കുഞ്ഞാസ്യയും (60) മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇവരുടെ വീട്ടിലെത്തിയ പര്‍ദധാരി ആംഗ്യത്തിലൂടെ കുടിക്കാന്‍ വെള്ളമാവശ്യപ്പെടുകയായിരുന്നു.ഭക്ഷണം വേണോയെന്ന് ചോദിച്ചെങ്കിലും വേണ്ട എന്നായിരുന്നു ആംഗ്യത്തിലുള്ള മറുപടി.
വെള്ളം എടുക്കുന്നതിനായി അടുക്കളയിലേക്ക് പോകവെ പര്‍ദധാരി കുഞ്ഞാസ്യയുടെ പിറകിലെത്തി മാല പൊട്ടിച്ച് പുറത്തേക്ക് കടക്കുകയായിരുന്നു. സുരക്ഷിതത്വത്തിനായി മാലയോടൊപ്പം ചരടും കെട്ടിയിരുന്നതിനാല്‍ ഇരുകൈകളും ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് മാല പൊട്ടിച്ചത്. പര്‍ദയുടെ മുഖാവരണംകൊണ്ട് മുഖവും മറച്ചിരുന്നതിനാല്‍ കുഞ്ഞാസ്യക്ക് ആളെ മനസിലായില്ല.എങ്കിലും പര്‍ദ്ദയിട്ടെത്തി മാലപൊട്ടിച്ച കൈകള്‍ പുരുഷന്റേതാണെന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയവുമില്ല.
ബഹളം കേട്ട് ആളുകള്‍ എത്തുമ്പോഴേക്കും പര്‍ദധാരി രക്ഷപ്പെട്ടിരുന്നു. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇവിടെയുള്ള വീതി കുറഞ്ഞ റോഡിലൂടെ സ്വിഫ്റ്റ് കാര്‍ അമിത വേഗതയില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.പര്‍ദധാരി ഈ കാറിലെത്തിയാണ് പരിസര നിരീക്ഷണത്തിന് ശേഷം മാല പൊട്ടിച്ച് സ്ഥലം വിട്ടതെന്നാണ് സൂചന.