പാനിപ്പത്ത് (ഹരിയാന): സ്വർണത്തിനു വില വർധിച്ചതോടെ അത് അപഹരിക്കപ്പെടുന്നത് പതിവിലധികം കൂടിയിരിക്കുകയാണ്. സ്വർണം ധരിച്ചു വീടിനു പുറത്തിറങ്ങുന്ന സ്ത്രീകൾ സൂക്ഷിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ ഏതുനിമിഷവും നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന മാല പൊട്ടിക്കലിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നതാണ്.
പാനിപ്പത്തിലെ തഹ്സീൽ ക്യാമ്പ് റോഡിലെ ഒരു റസ്റ്ററന്റിൽ പട്ടാപ്പകലാണു കവർച്ച നടന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ മാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ കള്ളൻ പൊട്ടിച്ചെടുത്തത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോയിൽ ഒരാൾ ഹെൽമറ്റ് ധരിച്ച് ഒരു ടേബിളിനടുത്ത് നിൽക്കുന്നത് കാണാം. കൗണ്ടറിനടുത്ത് ഭക്ഷണപ്പായ്ക്കറ്റ് കിട്ടാൻ കാത്തുനിൽക്കുന്ന ഫുഡ് ഡെലിവറി ഏജന്റിനെ പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം.
റസ്റ്ററന്റിലെ മിക്ക ടേബിളിലും ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇയാൾ തൊട്ടടുത്ത ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയുടെ കഴുത്തിൽനിന്നു മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് ഓടി.
അവിടെയിരുന്ന ഒരു യുവതിയും ഹോട്ടലിലെ ചില ജീവനക്കാരും കള്ളന്റെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്. എന്നാൽ, മോഷ്ടാവിനെ പിടികൂടിയോ എന്നത് വ്യക്തമല്ല.
എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഹെൽമെറ്റ് ധരിച്ചവരെ സംശയകരമായി കണ്ടാൽ സൂക്ഷിക്കുക എന്നായിരുന്നു ഒരാളുടെ കമന്റ്.