തിരുവൻവണ്ടൂർ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചു. തിരുവൻവണ്ടൂർ കവിതാലയത്തിൽ ആനന്ദവല്ലിയമ്മയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുവീഴ്ത്തിയ ശേഷം മാല കവരാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം 6.45 നാണ് സംഭവം.
തിരുവൻവണ്ടൂരിലെ ക്ഷേത്ര ജംഗ്ഷനിലുള്ള തന്റെ സ്റ്റേഷനറി കട അടച്ച ശേഷം വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ആനന്ദവല്ലിയമ്മ. തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ അച്ചിലേത്ത് പടിക്കു സമീപം എത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ച് രണ്ടംഗ സംഘം ആനന്ദവല്ലിയമ്മയെ പിന്തുടർന്നു. അടുത്തെത്തിയ മോഷ്ടാക്കൾ ആനന്ദവല്ലിയമ്മയുടെ പുറത്തടിച്ച് താഴെയിട്ട ശേഷം മാല പൊട്ടിച്ചെങ്കിലും മാല മോഷ്ടാക്കളുടെ കയ്യിൽ കിട്ടിയില്ല.
ബഹളം വച്ചപ്പോൾ ബൈക്കിലെത്തിയവർ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആനന്ദവല്ലിയമ്മയുടെ കൈമുട്ടിന് പരിക്കുണ്ട്. സമീപവാസികളെത്തി പ്രഥമ ശുശ്രൂഷ നൽകി. ഇരുട്ടായതു കാരണം വണ്ടിയുടെ നന്പർ കാണാൻ കഴിഞ്ഞില്ലന്ന് അവർ പറഞ്ഞു.
ഈ ഭാഗത്ത് തെരുവുവിളക്കും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ പ്രദേശമാകെ ഇരുട്ടിലാണ്. പോലീസിൽ പരാതി നൽകി. പ്രദേശത്ത് പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.