വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി മാല കവരുന്ന സംഭവങ്ങൾ പതിവായതോടെ വയോധികരടക്കമുള്ള സ്ത്രീകൾ ഭീതിയിൽ. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപത്തെ മൂട്ടസ് റോഡിലും അനുബന്ധ വഴികളിലുമായി ഇതിനകം ആറു വയോധികർക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ആഭരണങ്ങൾ നഷ്ടപ്പെട്ടത്.
വൈക്കം നഗരസഭ ഉപാധ്യക്ഷ എസ്.ഇന്ദിരാദേവി നഗരസഭയിൽ നിന്ന് വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങുന്പോൾ മോഷ്ടാക്കൾ ബൈക്കിലെത്തി ആക്രമിച്ച് പരിഭ്രാന്തി ആക്കിയ ശേഷമാണ് മാല കവർന്നത്. ഇന്നലെ വൈകുന്നേരം ആറിന് മുട്ടുസ് മന റോഡിലൂടെ അയൽക്കാരി ശാന്തകുമാരിയുമൊത്ത് നടന്നു വന്ന പ്രദേശവാസിയായ രമണിയമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കഴുത്തിൽ കുത്തിപ്പിടിച്ച് ആയുധം കൊണ്ട് വരഞ്ഞ് മുറിവേൽപിച്ചാണ് പൊട്ടിച്ചെടുത്തത്.
റോഡിലേയ്ക്കു തിരിച്ച് നിരവധി കാമറകൾ ഈ ഭാഗത്തു സ്ഥാപിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചാൽ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. പൊതുപ്രവർത്തകനും കോണ്ട്രാക്ടറുമായ അജിമാധവന്റെ മാതാവ് ഇന്ദിര, സമീപവാസികളായ ഭൈമി, ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങി നിരവധി പേർ മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ബൈക്കിലെത്തി ആക്രമിച്ച്മാല കവരുന്ന സംഘങ്ങൾ ഉയർത്തുന്ന ഭീഷണി തങ്ങൾക്ക് വലിയ മനോവിഷമമാണ് ഉണ്ടാക്കുന്നതെന്നും പോലീസ് മോഷ്ടാക്കളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.