കൊച്ചി: കലൂര്‍ പള്ളിക്കു മുന്നിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുകയായിരുന്ന എഴുപതുകാരിയുടെ മാല മോഷ്ടിച്ചു കടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
തിരുവനന്തപുരം ചെമ്മരന്തി മേലേത്തില്‍ വീട്ടില്‍ അക്ബര്‍ ഷാ(35)യെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റാണ്.കഴിഞ്ഞ 23ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കലൂര്‍ ബാങ്ക് റോഡില്‍ താമസിക്കുന്ന വയോധികയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു.
എസ്ആര്‍എം റോഡില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയിക്കിടെ സിസി ടിവി ദൃശ്യങ്ങളിലേതിനു സമാനമായ പ്രതിയുടെ രൂപവും, ചെരുപ്പും മറ്റും ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
ഇയാള്‍ താമസിച്ചിരുന്ന എസ്ആര്‍എം റോഡിലെ മുറിയില്‍നിന്നു മാല കണ്ടെടുത്തു. രണ്ടു വിവാഹം കഴിച്ചിട്ടുള്ള പ്രതി ഒരു മാസമായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.