എരുമേലി: ഇടവഴിയിലൂടെ നടന്ന് സർക്കാർ ആശുപത്രിയിലേക്ക് കോവിഡ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന യുവതിക്കുനേരേ മാല മോഷണ ശ്രമം.
ആദ്യം ഭയന്നെങ്കിലും ചെറുത്തുനിന്നു തന്റേടത്തോടെ പൊരുതി മോഷ്ടാവിനെ തുരത്തി മാതൃകയായി കോവിഡ് ടെസ്റ്റ് ഡ്യൂട്ടിയിൽ സേവനം ചെയ്യുന്ന യുവതി.
സംഭവത്തിൽ സിസി കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട സ്വദേശി അനുജ (23) ആണ് മാല മോഷണശ്രമത്തിനിരയായത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. എരുമേലി സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ കൗണ്ടറിൽ താത്കാലിക ജീവനക്കാരിയാണ് അനുജ.
ഇന്നലെ രാവിലെ 9.10 ന് പതിവുപോലെ എരുമേലി വലിയമ്പലം ജംഗ്ഷനിൽ ബസിറങ്ങി ആശുപത്രിയിലേക്കു ദേവസ്വം ബോർഡ് മൈതാനത്തിലെ ഇടവഴിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം.
പോക്കറ്റിൽനിന്ന് ഫോൺ എടുത്തു സംസാരിച്ചുകൊണ്ട് പിന്നാലെ വന്ന യുവാവ് അനുജയെ കണ്ട് വഴി മാറി അൽപ്പം മുന്നോട്ടു പോയി. അതിനുശേഷം അവിടെ നിന്ന് അനുജയെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു.
അനുജ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് കഴുത്തിലെ മാലയിൽ പിടിച്ചു വലിച്ചു. അനുജ ഭയന്നുപോയി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ധൈര്യം സംഭരിച്ച് മോഷ്ടാവിന്റെ കൈ ബലമായി മാറ്റാനും ഒപ്പം മാല സ്വന്തം കയ്യിൽ ഭദ്രമാക്കി പിടിക്കാനും ശക്തിയോടെ ശ്രമിച്ചെന്ന് അനുജ പറഞ്ഞു.
ബലപ്രയോഗത്തിനിടെ അനുജ വീണുപോയെങ്കിലും മാല പറിച്ചെടുക്കാൻ കഴിഞ്ഞില്ല. വീണു കിടന്നിടത്തു നിന്ന് എണീറ്റ് ശക്തമായി തൊഴിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പാന്റ്സും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് മോഷണ ശ്രമം നടത്തിയത്. ഇയാൾ ആശുപത്രിയുടെ പുറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയിൽ എത്തി വിവരം പറഞ്ഞ അനുജയെ ജീവനക്കാർ ആശ്വസിപ്പിച്ച ശേഷം ഉടനെ പോലീസിൽ അറിയിച്ചു. പരിസരപ്രദേശങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവത്തിൽ സിസി കാമറകളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു. പകൽ സമയത്തും വിജനമായ ഈ വഴി സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നെങ്കിലും സി സി കാമറകൾ പോലീസ് സ്ഥാപിച്ചതോടെ സുരക്ഷിതമായിരുന്നു.
എന്നാൽ ശബരിമല സീസണിന് ശേഷം ദേവസ്വം മൈതാനത്തെ കാമറകൾ പ്രവർത്തിപ്പിക്കുന്നില്ല.