കേരള പോലീസിനെതിരേ ആഞ്ഞടിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാല പാര്‍വതി രംഗത്ത്. സുഹൃത്ത് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് അവന് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് പൊലീസ് ഒരു പെണ്‍കുട്ടിയെ അറസ്റ്റു ചെയ്തെന്നും ക്രിമിനല്‍ കേസെടുത്തെന്നും പറഞ്ഞാണ് മാലാ പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
മൂന്നു തവണ പെണ്‍കുട്ടി ആ പെണ്‍കുട്ടിയോട് സുഹൃത്തിന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞെന്നാണ് പൊലീസ് താന്‍ അന്വേഷിച്ചപ്പോള്‍ തന്നോട് പറഞ്ഞത്. എന്നാല്‍ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഒരേയൊരു തവണ മാത്രം ഇങ്ങനെ പറഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതിന്റെ പേരില്‍ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് മാലാ പാര്‍വ്വതി ആരോപിക്കുന്നത്.
‘ഇതാണ് നമ്മുടെ നാട്ടിലെ നിയമമെന്ന് ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയും നിങ്ങളാരെങ്കിലും ഒന്ന് സുഹൃത്തിനോട് അളിയാ അല്ലെങ്കില്‍ കൂട്ടുകാരി ദാ അവന് നിന്നെ ഭയങ്കര പ്രണയമാണെന്ന് ഒരു കാരണവശാലും പറയരുത് കെട്ടോ. എങ്ങാനും പറഞ്ഞുപോയാല്‍ സെക്ഷന്‍ 354 ഉം 120ഉം പ്രകാരം അറസ്റ്റു ചെയ്തു ജയിലിലാക്കും. ഇതാണ് പുതിയ നിയമം’ മാലാ പാര്‍വ്വതി വിമര്‍ശിക്കുന്നു.