തൊടുപുഴ: രാത്രിയിൽ കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയും തൊടുപുഴ കുന്നത്ത് താമസക്കാരനുമായ കല്ലുവെട്ടിക്കുഴിയിൽ അഫ്സലി (27)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി ഒൻപതോടെ തിരുവനന്തപുരം ബസിൽ തൊടുപുഴ ഡിപ്പോയിൽ വന്നിറങ്ങിയ തെക്കുഭാഗം സ്വദേശിനി ലളിതയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. നാലരപവന്റെ മാല പൊട്ടിച്ചോടിയെങ്കിലും ഇതിന്റെ പകുതിയെ മോഷ്ടാവിനു കിട്ടിയുള്ളു. രണ്ടു പവനോളം ഇവർക്കുതിരികെ ലഭിച്ചു. എന്നാൽ താലിയും ലോക്കറ്റും മോഷ്ടാവ് പൊട്ടിച്ചെടുത്ത ഭാഗത്തായിരുന്നു.
മാലപൊട്ടിച്ചതോടെ വീട്ടമ്മ ബഹളം വച്ചപ്പോൾ ഡിപ്പോയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പിന്നാലെയോടി കാഡ്സ് ജംഗ്ഷനിലെത്തി ഇയാളെ പിടി കൂടി പോലീസിനു കൈമാറി. എന്നാൽ പൊട്ടിച്ചെടുത്ത ഭാഗം ഇതിനോടകം ഇയാൾ എറിഞ്ഞു കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു. മാല പൊട്ടിച്ചില്ലെന്നു പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തില്ല.
ഇതിനിടെ നാട്ടുകാർ മർദ്ദിച്ചുവെന്നു പറഞ്ഞതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി. പിന്നീട് ചോദ്യം ചെയ്യലിൽ പൊട്ടിച്ചെടുത്ത മാല എറിഞ്ഞു കളഞ്ഞുവെന്ന് ഇയാൾ സമ്മതിച്ചു. മാല കളഞ്ഞുവെന്ന് പറഞ്ഞ സ്ഥലത്ത് ഇന്നലെ രാവിലെ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പ്രതിയുമായെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.