കുണ്ടറ: ബൈക്കിലെത്തിയ ഇരുവർ സംഘം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ രണ്ടു പവൻ വരുന്ന മാല പൊട്ടിച്ചു കടന്നു. നട്ടുച്ചക്കായിരുന്നു സംഭവം.
കിഴക്കേ കല്ലട പഴയാറ്റുമുറി വെട്ടികാട്ടു വീട്ടിൽ ഗീതാ കുമാരിയമ്മയുടെ (65)മാലയാണ് പൊട്ടിച്ചുകടന്നത്. ഗീതാ കുമാരിയമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്.
മോഷ്ടാക്കളുമായുള്ള പിടിവലിക്കിടയിൽ ഗീതാ കുമാരിയമ്മയുടെ കഴുത്തിനു മുറിവേറ്റു. വീട്ടമ്മ പഞ്ചായത്ത് ഓഫീസിൽ പോയശേഷം പൈങ്ങവെലിൽ ക്ഷേത്രത്തിനു സമീപത്തുകൂടി നടന്നുവരികയായിരുന്നു.
എതിരെ ബൈക്കിൽ എത്തിയ രണ്ടുപേർ വണ്ടി നിർത്തി ഒരാളുടെ വീട് അന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞ് ധൃതിയിൽ നടക്കുന്നതിനിടയിൽ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഇറങ്ങി മാലപൊട്ടിക്കുകയായിരുന്നു.
മോഷ്ടാവിനെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും തള്ളിമാറ്റി ബൈക്കിൽ കയറി രക്ഷപ്പെട്ടു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. കിഴക്കേകല്ലട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.