ന്യൂയോർക്ക്: വീടിനു മുകളിലുള്ള വിശാലമായ ടെറസിൽ സുഹൃത്തുക്കൊപ്പം സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസിൽ നിന്നും താഴേക്കു വീണു മരണമടഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കൾ എല്ലാവരും ചേർന്നു പാർട്ടിയിൽ പങ്കെടുത്തത്. ടെറസിലേക്ക് കേംറോണ്‍ ചാടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ തെറ്റി നിലത്തേക്കു പതിക്കുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഈസ്റ്റ് വില്ലേജ് പോലീസ് അറിയിച്ചു.
മാലാഖയെ പോലെ നിഷ്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്നു സഹോദരൻ മൈക്കിൾ പെരിൽ പറഞ്ഞു.
പഠിപ്പിൽ ഇവർ അതിസമർഥയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഹോക്കി ഫാനായിരുന്നു കേംറോണ്‍. കണക്റ്റിക്കട്ട് ട്രംന്പുൾ ഹൈസ്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്.
2019 ൽ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. തേർഡ് ബ്രിഡ്ജ് ഗ്രൂപ്പിൽ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ചുറ്റും ഫെൻസ് വയ്ക്കാത്ത റൂഫിൽ പാർട്ടികൾ നടത്തുന്പോൾ, തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്കു ചാടാൻ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.
ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാർട്ടികൾ അപകടകരമാണെന്നു സിറ്റി കൗണ്‍സിൽ വുമണ്‍ കർലിന റിവറ പറഞ്ഞു.
നിങ്ങൾ ഒരു കെട്ടിടം വാങ്ങുകയാണെങ്കിൽ അവിടെ വരുന്നവരുടെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്. അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണമെന്നും കർലിന പറഞ്ഞു.
ന്യൂയോർക്കിൽ പാൻഡമിക് നിയന്ത്രണങ്ങളിൽ അയവുവരുത്തിയതോടെ പാർട്ടികളുടെ എണ്ണവും വർധിച്ചു. നീണ്ട ഇടവേളക്കു ശേഷം സംഘടിപ്പിച്ച പാർട്ടിയിൽ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതിൽ എല്ലാവരും ദുഃഖിതരാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ