പാലക്കാട്: സർക്കാർ ഏജൻസികളും വകുപ്പുകളും നേരിട്ടുനടത്തുന്ന പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു മലബാർ സിമന്റ്സ് ഉപയോഗിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്യാൻ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. പൊതുമേഖലാ സഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി വാളയാർ മലബാർ സിമന്റ്സിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റിന്റെ എട്ടുശതമാനം മാത്രമാണ് നിലവിൽ മലബാർ സിമന്റ്സിൽ ഉത്പാദിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാൻ വിപണിയിൽ ശക്തമായി ഇടപെടേണ്ടതുണ്ട്. പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ നേരിട്ടു നടത്തുന്ന നിർമാണങ്ങൾക്കു മലബാർ സിമന്റ്സ് നിർബന്ധമാക്കിയാൽ ഉത്പാദനം വർധിപ്പിച്ച് ലാഭം വർധിപ്പിക്കാമെന്നു നിയമസഭാ സമിതി അധ്യക്ഷൻ സി.ദിവാകരൻ എംഎൽഎ പറഞ്ഞു.
മലബാർ സിമന്റസിന്റെ നാനൂറിലധികം വരുന്ന ഏജൻസികളിൽ പലരും സ്വകാര്യ സിമന്റ് കന്പനികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ഏജൻസികളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. വലിയതോതിലുള്ള ഉത്പാദനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നിലവിൽ പ്ലാന്റിൽ ഉണ്ട്. സംസ്ഥാനത്തിനുതന്നെ അഭിമാനമായ മലബാർ സിമന്റ്സിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്.
മലബാർ സിമന്റ്സിനെ വിപണിയിലെ മികച്ച ബ്രാൻഡാക്കി മാറ്റുന്നതിനു വേണ്ടതെല്ലാം ചെയ്യുമെന്നും നിയമസഭാ സമിതി ചെയർമാൻ പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ഉണ്ണി, ടി.എ. അഹമ്മദ് കബീർ എന്നിവരുൾപ്പെട്ട നിയമസഭാ സമിതി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാരിനോടു ശിപാർശ ചെയ്യുമെന്ന് ഉറപ്പുനൽകി. സിമന്റ് ഉത്പാദനത്തിനാവശ്യമായ ചുണ്ണാന്പുകല്ല് ഖനനം ചെയ്യുന്ന പണ്ടാരത്തിൽ ഖനിയും സമിതി സന്ദർശിച്ചു.
മാർക്കറ്റിംഗ്് ശക്തിപ്പെടുത്താൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും, മുൻവർഷങ്ങളിലെ 38 കോടിയോളം വരുന്ന ലാഭവിഹിതം ഗ്രീൻഫീൽഡ് പദ്ധതിയിൽ മറ്റു സർക്കാർ സ്ഥാപനങ്ങൾക്ക് നൽകിയതു തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിക്കും, വിലവർധനവുണ്ടെന്ന ആരോപണം പരിശോധിക്കും. ഉദ്യോഗസ്ഥ കൃത്യവിലോപം നടത്തിയെന്ന സെൻട്രൽ ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും, മലബാർ സിമന്റ്സിന്റെ സാന്പത്തിക ഇടപാടുകൾ സുതാര്യമാണെന്ന് ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.