നവാസ് മേത്തർ
തലശേരി: വടക്കേ മലബാറിൽ കോൺഗ്രസ് എ, ഐ വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള പൂർണ ചുമതല മമ്പറം ദിവാകരനുൾപ്പെടെ മൂന്ന് നേതാക്കൾക്ക്.
കെപിസിസി ഭാരവാഹി ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് കണ്ണൂർ, കാസർഗോഡ്, വയനാട് ,കോഴിക്കോട് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ചിലർ നടത്തിയ ഫോൺ സംഭാഷണം രാഷ്ട്രദീപികയ്ക്ക് ലഭിച്ചു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് കോൺഗ്രസിലുണ്ടായിട്ടുള്ള പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
സുധാകര വിഭാഗം മമ്പറം ദിവാകരനെ കൈയേറ്റം ചെയ്ത സംഭവം കൂടി പുറത്തുവന്നതോടെ സംസ്ഥാന തലത്തിൽതന്നെ സുധാകരനെതിരെ കൂടുതൽ രഹസ്യ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന രഹസ്യ യോഗത്തെ തുടർന്ന് എ,ഐ വിഭാഗങ്ങളുടെ കൂട്ടായ്മക്കായി ഒരോ മേഖലയിലും മുതിർന്ന മൂന്ന് നേതാക്കളെ വീതമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ആശീർവാദത്തോയൊണ് പുതിയ നീക്കങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
പുതിയ കരുനീക്കങ്ങൾ കൂടി വന്നതോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിനും പുതിയ മാനങ്ങൾ വന്നിരിക്കുകയാണ്.
സുധാകര വിരുദ്ധരായ കോൺഗ്രസിലെ സംസ്ഥാന തലത്തിൽ തന്നെയുള്ള പ്രമുഖരായ ചില നേതാക്കൾ മമ്പറം ദിവാകരന് വേണ്ടി അണിയറയിൽ സജീവമാണെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഇതിനിടയിൽ ആശുപത്രി തെരഞ്ഞെടുപ്പ് സംഘർഷത്തിലേക്ക് നിങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ആശുപത്രിക്ക് ഇപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പോലീസ് സംരക്ഷണം തേടി മമ്പറം ദിവാകരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.