കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഐക്യം ഉറപ്പാക്കാന്‍ പാലമിട്ടു മിസ്ലിം ലീഗ്. നിലവില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ മുന്‍ നിരയിലെത്തിക്കാനും തെരഞ്ഞെടുപ്പില്‍ സജീവമാക്കാനും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി.
ഇതിന്റെ തുടക്കമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന കെ.മുരളീധരന് എംപിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തിറക്കാന്‍ ലീഗ് ഇതിനകം ഇടപെട്ടുകഴിഞ്ഞു.മലബാറില്‍ ക്രൗഡ് പുള്ളറുമായ മുരളീധരന് ഇപ്പോഴും നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്.
മുരളീധരന് മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിനു ജയിക്കാനാവില്ലെന്ന നിലപാടിലാണ് ഘടക കക്ഷികള്‍. പ്രത്യേകിച്ചും തുടര്‍ഭരണം ഉറപ്പാക്കാന്‍ എംപി സ്ഥാനം രാജിവച്ച് പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ ഇത് ചുമതലയായി ലീഗ് കാണുന്നു.
പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള മുരളീധരന് നിലവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ എവിടെയും പങ്കെടുക്കുന്നില്ല.
ലീഗ് ഇടപെടും
ഈ സാഹചര്യത്തിലാണ് ഘടകക്ഷികളെ തന്നെ മുരളീധരനുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുത്തത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രന് മാറി നില്‍ക്കുമെന്നും പകരം കെ.സുധാകരന് സ്ഥാനമേല്‍ക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഇത്തരത്തിലൊരു നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചെങ്കിലും കേരളത്തിലെ പൊതുവികാരം മുന്നില്‍ കണ്ട് തത്ക്കാലം തത്സ്ഥിതി തുടരുകയായിരുന്നു. മുല്ലപ്പള്ളിയുമായി നേരത്തെ തന്നെ അത്ര സ്വരചേര്‍ച്ചയിലല്ലാത്ത കെ.മുരളീധരനു ഇതില്‍ അമര്‍ഷമുണ്ട്. ഇതു പരിഹരിക്കാനാണ് എഐസിസി സെക്രട്ടറി താരീഖ് അന്‍വറിന്റെ അറിവോടെ ലീഗ് നേതാക്കള്‍ ആശയവിനിമയം നടത്താനൊരുങ്ങുന്നത്.
മുരളീധരനെ ഇറക്കും
വടകരയ്ക്ക് പുറത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നു മുരളീധരന് നേരത്തേ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടു തീരുമാനം മാറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇപ്പോള്‍ നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനമില്ല എന്ന നിലപാടു മാത്രമാണ് മുരളീധരന് സ്വീകരിച്ചത്.
പ്രചാരണരംഗത്തു വലിയ രീതിയില്‍ സജീവമാകുന്നുമില്ല. കെ.മുരളീധരനെ പോലെ സിപിഎമ്മിനെ കടന്നാക്രമിക്കുകയും പാര്‍ട്ടി അണികള്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന നേതാവ് മാറി നിന്നാല്‍ മലബാറില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയിലെ ആര്‍എംപി സഖ്യവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി മുരളീധരന് പരസ്യമായി ഏറ്റുമുട്ടിയിരുന്നു.