കോഴിക്കോട്: കോവിഡ് രോഗിയായ 35 കാരിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍കോളജില്‍ (എംഎംസി) ഇന്നലെ രാത്രിയാണ് സംഭവം.
പിപിഇ കിറ്റ് ധരിച്ച ജീവനക്കാരന് ആളൊഴിഞ്ഞ നാലാംനിലയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കൊണ്ടുപോവുകയും അതിക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് വടകര സ്വദേശിനിയായ യുവതി ‘രാഷ്്ട്രദീപിക’യോടു പറഞ്ഞു.
സംഭവത്തില്‍ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ചു യുവതി പറയുന്നത്: ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് എംഎംസിയില്‍ പ്രവേശിച്ചത്.
ഡയബറ്റിക് അസുഖമുള്ളതിനാലായിരുന്നു ഹോംക്വാറന്റൈനില്‍ കഴിയാതെ ആശുപത്രിയിലേക്കു മാറിയത്. കഴിഞ്ഞ ദിവസം വീട്ടിലുള്ള രണ്ടുപേര്‍ കൂടി പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി.
അതിനിടെയാണ് ഇന്നലെ രാത്രിയില്‍ വാട്സ് ആപ്പില്‍ ഒരു സന്ദേശമെത്തുന്നത്. ആശുപത്രിയിലെ ജീവനക്കാരനാണെന്നു പറഞ്ഞായിരുന്നു തുടക്കം. നിങ്ങളെ ഞാന്‍ സഹായിച്ചിട്ടുണ്ടെന്നും ജീവനക്കാരന് പറഞ്ഞിരുന്നു.
ചാറ്റിലെ രീതിയില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ റൂമില്‍ നിന്നിറങ്ങി താഴെ നിലയിലുള്ള ഡോക്ടറുടെ അടുത്തെത്തി. വാട്സ്ആപ്പില്‍ ജീവനക്കാരന് ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് നേരിട്ടു കാണിച്ചു. രണ്ട് വനിതാ ഡോക്ടര്‍മാരായിരുന്നു ഈ സമയമുണ്ടായിരുന്നത്.
ജീവനക്കാരന് ചാറ്റ് ചെയ്യുന്നതു കണ്ട ഡോക്ടര്‍മാര്‍ നാളെ ഇതേക്കുറിച്ചു സംസാരിക്കാമെന്നു പറഞ്ഞ് യുവതിയെ തിരിച്ചയച്ചു. ആശുപത്രിയില്‍നിന്ന് മൊബൈല്‍ നമ്പര്‍ എങ്ങനെ ജീവനക്കാരനില്‍ എത്തിയെന്നും ഇതു വീഴ്ചയല്ലേയെന്നും ഡോക്ടര്‍മാരോടു ചോദിച്ചിരുന്നു.
ഇത് വെബ് വഴി അയച്ചതാണെന്ന മുടന്തന്‍ ന്യായമായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം ഇവിടെ നിന്നും തിരിച്ചു റൂമില്‍ എത്തി. 11.45 ഓടെ പിപിഇ കിറ്റ് ധരിച്ചയാള്‍ മുറിക്കു പുറത്തെത്തി ഡോക്ടര്‍ വിളിക്കുന്നുണ്ടെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി.
ജീവനക്കാരനെതിരേ പരാതി പറഞ്ഞതിനെ കുറിച്ച് ചോദിച്ചറിയാനാണെന്നു കരുതിയായിരുന്നു പുറത്തേക്കു പോയത്. ലിഫ്റ്റിലായിരുന്നു പോയത്.
ആശുപത്രിയുടെ നാലാംനിലയിലേക്കു പോവുന്നതു ശ്രദ്ധയില്‍പെട്ട യുവതിക്ക് അസ്വാഭാവികത തോന്നി. ലിഫ്റ്റ് നാലാംനിലയില്‍ എത്തിയതോടെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ദേഹത്തു പിടിച്ചു പുറത്തേക്കു തള്ളി. ആളൊഴിഞ്ഞ ഭാഗമായിരുന്നു ഇത്.
സംസാരിക്കാനുണ്ടെന്നും ദയവ് ചെയ്തു പ്രശ്നമുണ്ടാക്കരുതെന്നും മറ്റും പറഞ്ഞു ജീവനക്കാരന് അടുത്തേക്ക് എത്തി. വിട്ടു നില്ക്കാന് ആവശ്യപ്പെട്ടുകൊണ്ട് ലിഫ്റ്റില്‍ കയറി താഴേക്കിറങ്ങി മറ്റു ജീവനക്കാരോടും അധികൃതരോടും കാര്യങ്ങള്‍ വിശദീകരിച്ചു.
അതിനിടെ പിപിഇ കിറ്റ് അഴിച്ചു മാറ്റി ജീവനക്കാരനുമെത്തി. ജീവനക്കാരനോടു യുവതി പ്രതികരിക്കുന്നതു മറ്റുള്ളവര്‍ വീഡിയോയിലും പകര്‍ത്തി. തുടര്‍ന്ന് അത്തോളി പോലീസില്‍ വിവരമറിയിക്കുകയും പോലീസുകാരെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
അതേസമയം, പരാതി പറഞ്ഞിട്ടും ജീവനക്കാരന് ആരാണെന്നു കണ്ടെത്താനോ പോലീസില്‍ വിവരമറിയിക്കാനോ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ആശുപത്രിയില്‍ എത്തുന്നവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ജീവനക്കാരനായ യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് വീണ്ടും ആശുപത്രി ജീവനക്കാരനില്‍നിന്നു മറ്റൊരു യുവതിക്കുകൂടി ദുരനുഭവം നേരിടേണ്ടി വന്നത്.