കണ്ണൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിവന്നയുടനെ നടപടിയുമായി മുന്നിട്ടിറങ്ങിയ സർക്കാർ ക്ഷേത്ര ജീവനക്കാർക്ക് അനുകൂലമായി വന്ന കോടതിവിധി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. മലബാർ മേഖലയിലെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കു മറ്റു ദേവസ്വം ബോർഡ് ജീവനക്കാരിൽ നിന്നും കുറഞ്ഞ വേതനം നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി വിധി.
ക്ഷേത്ര ജീവനക്കാർക്ക് തുല്യജോലിക്കു തുല്യവേതനം നൽകാത്തതു മൗലികാവകാശത്തിന്റെ നിഷേധമാണെന്നും വിവിധ ദേവസ്വങ്ങളിലെ വേതനത്തിന്റെ അസമത്വസ്വഭാവം നിരീക്ഷിച്ചു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1994ൽ ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വന്തം നിലയിലാണു ക്ഷേത്രം ജീവനക്കാർക്കു വേണ്ടി കേസ് നടത്തി അനുകൂല വിധി പുറപ്പെടുവിച്ചത്.
ഒരുവർഷത്തിനകം ഇതു നടപ്പാക്കാനും നിർദേശിക്കുകയുണ്ടായിരുന്നു. പിന്നീട് ഈ വിധിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജീവനക്കാർക്ക് അനുകൂലമായ വിധി തന്നെയാണുണ്ടായത്. തുടർന്നു നിരവധി കമ്മീഷനുകളെ മാറിമാറി വന്ന സർക്കാരുകൾ നിയോഗിച്ചെങ്കിലും ഇതുവരെ ഒരു കമ്മീഷൻ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല.
ഏറ്റവും ഒടുവിൽ 2017ൽ സർക്കാർ നിയോഗിച്ച മലബാർ ദേവസ്വം പരിഷ്കരണ കമ്മിറ്റി ജീവനക്കാർക്ക് അനുകൂലമായ റിപ്പോർട്ടാണു സമർപ്പിച്ചത്. ഇതു നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുമെന്നു സർക്കാർ ഉറപ്പുനൽകിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തിലും കുറവാണു മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശന്പളമെന്നാണു പരാതി.
സേവന വേതന തുല്യതയോ തൊഴിൽ സൗകര്യമോ സുരക്ഷയോ മലബാർ ദേവസ്വം ബോർഡിൽ ഇപ്പോഴുമില്ലെന്നു കേരള സ്റ്റേറ്റ് ടെന്പിൾ എംപ്ലോയീസ് കോ-ഓഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കോഴിക്കോട് മലബാർ ദേവസ്വം ഓഫീസ് പരിസരത്ത് കേരള സ്റ്റേറ്റ് ടെന്പിൾ എംപ്ലോയീസ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തുന്നുണ്ട്.