കോഴിക്കോട്: മലബാറിന്റെ റെയില്‍വേ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് സതേണ്‍ റെയില്‍വേ. എം.കെ രാഘവന് എം.പി സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എസ്.അനന്തരാമനുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാട് വ്യക്തമാക്കിയത്.
യാത്രാദുരിതമനുഭവിക്കുന്ന മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന വിഷയത്തിന്മേല് അടിയന്തിര ഇടപെടലുകള്‍ നടത്താമെന്നും മെമു സര്‍വീസ് ഉടന്‍ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളാമെന്നും എംപിക്ക് ഉറപ്പ് നല്കി.
നിലവില്‍ ആഴ്ചയില്‍ ഒരു തവണ സര്‍വിസ് നടത്തുന്ന ബംഗളൂരു ട്രെയിനായ 16565/66 ദിവസേനയുള്ള സര്‍വീസ് ആക്കുന്നതിനും എംപി ആവശ്യപ്പെട്ടു. മംഗലാപുരം-മധുര ഇന്റര്‍സിറ്റി എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക, 22635/36 ഗോവ-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കന്യാകുമാരി/കൊച്ചുവേളി/ഷൊര്‍ണൂര്‍ /കോയമ്പത്തൂര്‍ വരെയെങ്കിലും നീട്ടുക, മംഗലാപുരം രാമേശ്വരം സര്‍വ്വീസ് ഉടന്‍ ആരംഭിക്കുക, രാജധാനി എക്സ്പ്രസ്, കച്ചിഗുഡ എക്സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഹൗറമംഗലാപുരം വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സര്‍വിസ് വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു.
സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് ജനറല്‍ മാനേജറുമായും കോഴിക്കോട് പാലക്കട് ഡിവിഷണല്‍ റെയില്‍വേ മാനേജരുമായും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലെ കൂടികാഴ്ച സംഘടിപ്പിച്ചത്.