പാലക്കാട്: മലബാർ സിമന്റ്സിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച ശശീന്ദ്രന്റെ ഭാര്യ ടീന (52) കോയമ്പത്തൂരിലെ ആശുപത്രിയിൽ മരിച്ചു. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണ കേസിൽ പ്രധാന സാക്ഷിയായിരുന്നു അവർ. വൃക്കരോഗ ചികിത്സയ്ക്കായി ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശശീന്ദ്രന്റെ മരണശേഷം കോയമ്പത്തൂരിൽ താമസിക്കുകയായിരുന്ന ടീന എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. പനി ബാധിച്ച് അവശനിലയിൽ കോവൈ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെ സാക്ഷിയായ ടീനയുടെ മരണം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബന്ധുക്കളുടെ ഭയം.
മലബാർ സിമന്റ്സ് അഴിമതിക്കേസ് ഫയലുകൾ അടുത്തിടെ ഹൈക്കോടതിയിൽനിന്ന് കാണാതായ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശശീന്ദ്രന്റെ പിതാവ് കെ. വേലായുധനും ആക്ഷൻ കൗണ്‍സിൽ വൈസ് ചെയർമാൻ ജോയ് കൈതാരവും 2012ൽ നൽകിയ ഹർജിയിലെ 52 പേജുകൾ വരുന്ന ഇരുപതിലേറെ രേഖകളാണ് നഷ്ടപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷിച്ചുവരികയാണ്.