കോട്ടയം: കോടികൾ മറിയുന്ന ചീട്ടുകളി കേസിൽ മണ്കാട്ടെ ക്രൗണ്ക്ലബിൽ നിന്നും അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ.
18 ലക്ഷം രൂപ പിടികൂടുകയും 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്നലെ കോട്ടയം, പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുടെയും മൂന്നു സാക്ഷികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
പണം വെച്ചു ചീട്ടുകളിച്ചതായും ക്ലബിൽ വൻ തുകയുടെ ഇടപാട് ദിവസവും നടന്നിരുന്നതായും പ്രതികൾ മൊഴി നൽകി. ഒരു മാസമായി ക്ലബിൽ കളിക്കുന്നുണ്ടെന്നും 5000 രൂപ പ്രവേശന ഫീസായി നൽകിയെന്നും പ്രതികൾ പറഞ്ഞു. ഒരു മാസമായി ദിവസവും 10,000 രൂപ മുതൽ നഷ്ടപ്പെടുന്നുണ്ട്. ആദ്യമായി ലാഭം കിട്ടിയ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്.
ക്ലബിൽ എത്തുന്നവർക്കു ഭക്ഷണമടക്കമുള്ള സൗകര്യമെല്ലാം ലഭിച്ചിരുന്നതായും ഇവർ മൊഴികൾ നൽകിയിട്ടുണ്ട്. ക്ലബിനു സമീപം കടകൾ നടത്തിയിരുന്നവരുടെ മൊഴികളാണ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലബിൽ നിരവധിയാളുകൾ വന്നു പോകാറുണ്ടെന്നാണ് ഇവർ പറയുന്നത്.
ക്ലബ് സെക്രട്ടറി മാലം സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ എടുക്കാനോ പോലീസ് തയാറായിട്ടില്ല.
ഇയാളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ ചോദ്യം ചെയ്യലിനു നാളെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇയാൾക്കൊപ്പം ക്ലബ് പ്രസിഡന്റ് സന്തോഷിനും നോട്ടീസ് നൽകിക്കഴിഞ്ഞു. ഇവരെ കസ്റ്റഡിയിൽ എടുക്കരുതെന്ന ഉന്നത നിർദേശത്തെ തുടർന്നാണ് ഇപ്പോൾ അന്വേഷണ സംഘം നോട്ടീസ് അയച്ചിരിക്കുന്നത്.
തിരുവാതുക്കൽ ചീട്ടുകളിയിലും വന്പൻമാർ
കോട്ടയം: ഇന്നലെ രാത്രി 11ന് തിരുവാതുക്കൽ പിജി രാധാകൃഷ്ണൻ മെമ്മോറിയൽ റിക്രിയേഷൻ ക്ലബിൽനിന്ന് പോലീസ് പിടികൂടിയത് 11 പേരടങ്ങുന്ന ചീട്ടുകളി സംഘത്തെ.
രഹസ്യ വിവരം ലഭിച്ച കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിലായിരുന്നു ക്ലബിൽ റെയ്ഡ് നടത്തിയത്. ഇവരിൽ നിന്നും 65,700 രൂപയും പിടികൂടി. ക്ലബിന്റെ ഇരുമുറികളിലായി പണം വെച്ചുള്ള ചീട്ടുകളി നടക്കുന്പോഴായിരുന്നു പോലീസിന്റെ പരിശോധന.
ഒരു മുറിയിൽ നിന്ന് 63,000 രൂപയും മറ്റേതിൽ നിന്ന് 2700 രൂപയും പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ഏറെ നാളായി ചീട്ടുകളി നടക്കുന്നതായാണ് വിവരം.
നഗരത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ചീട്ടുകളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത് പതിവു സംഭവമായിരിക്കുകയാണ്.