ബെയ്ജിംഗ്: മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടാകുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നു ചൈന.
ദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നിലനിർത്തുന്നതിനെ പൂർണമായി പിന്തുണയ്ക്കുമെന്നും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സന്ദർശനത്തിനൊടുവിൽ ചൈനയും മാലദ്വീപും പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രതർക്കം രൂക്ഷമായതിനിടെയാണു ചൈനയുടെ പ്രസ്താവന. എന്നാൽ, പ്രസ്താവനയിൽ ഇന്ത്യയെക്കുറിച്ചു പരാമർശമില്ല.
ചൈനയോട് ആഭിമുഖ്യമുള്ള മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിലെ മൂന്നംഗങ്ങൾക്ക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പ്രസ്താവനകളുടെ പേരിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ യാത്ര കൂട്ടത്തോടെ റദ്ദാക്കുന്നതിനും ഇതു കാരണമായി.
ഒറ്റ ചൈന നയത്തിനു മാലദ്വീപ് പിന്തുണ പ്രഖ്യാപിച്ചതാണു ശ്രദ്ധേയം. തായ്വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നും ചൈനയുടെ പരമാധികാരത്തിനു തുരങ്കംവയ്ക്കുന്ന നടപടികളെ എതിർക്കുന്നതായും മാലദ്വീപ് ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലുണ്ട്.