മാലെ: ചൈനാ അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ അനുകൂലിയായ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെയാണു പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മുയിസുവിന് 54ഉം സോലിഹിന് 46ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമിശാസ്ത്രപരമായി തന്ത്രപ്രാധാന്യമുള്ള മാലദ്വീപിൽ സ്വാധീനം നഷ്ടമാകുന്നത് ഇന്ത്യക്കു വലിയ തിരിച്ചടിയാണ്.
2018ൽ അധികാരത്തിലേറിയ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് സോലിഹ് ‘ഇന്ത്യ ആദ്യം’ എന്ന നിലപാടിലാണ് ഭരണം നടത്തിയത്. പ്രോഗ്രസീവ് അലയൻസ് സഖ്യ നേതാവും തലസ്ഥാനമായ മാലെയിലെ മേയറുമായ മുഹമ്മദ് മുയിസു ‘ഇന്ത്യ പുറത്ത്’ എന്ന മുദ്രാവാക്യത്തോടെയാണു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്.
ജയിച്ചാൽ മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്നും ഇന്ത്യക്ക് അനുകൂലമായ വാണിജ്യനിലപാടുകൾ പുനഃപരിശോധിക്കുമെന്നും മുയിസു പറഞ്ഞിട്ടുണ്ട്.
നാവികസേനയെ ശക്തിപ്പെടുത്തി ഇന്ത്യൻ മഹാസമുദ്രം മുഴുവൻ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ചൈന കുറെ വർഷങ്ങളായി മാലദ്വീപിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നു. ചൈനീസ് സ്വാധീനം ചെറുക്കാൻ ശ്രമിക്കുന്ന ഇന്ത്യ മാലദ്വീപിനു സാന്പത്തികസഹായമടക്കം നല്കുന്നുണ്ട്.
ഇന്ത്യ നല്കിയ രണ്ടു ഹെലികോപ്റ്ററുകളും ചെറു വിമാനവും പ്രവർത്തിപ്പിക്കാനായി 75 സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇവരെ പുറത്താക്കുമെന്നാണു പുതിയ പ്രസിഡന്റ് മുയിസുവിന്റെ നിലപാട്.
ബ്രിട്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് സിവിൽ എൻജിനിയിറിംഗിൽ പിഎച്ച്ഡി നേടിയിട്ടുള്ള മുയിസു 2012ലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 2021ൽ മാലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 17നാണ് അദ്ദേഹം പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.
സെപ്റ്റംബർ എട്ടിനു നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാരും അന്പതു ശതമാനത്തിനു മുകളിൽ വോട്ടു നേടാതിരുന്നതിനാലാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ സ്ഥാനാർഥികൾ തമ്മിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഒന്നാംഘട്ടത്തിൽ മുയിസു അപ്രതീക്ഷിതമായി 46 ശതമാനം വോട്ടുമായി ഒന്നാമതെത്തി.