മോദിക്കും ഇന്ത്യയ്ക്കും ആശ്വാസം, ദക്ഷിണേഷ്യയിലെ ആ ശത്രു നിലംപൊത്തി, ചൈനയുടെ പ്രിയ തോഴനെ വീഴ്ത്തിയത് മുഹമ്മദ് സോലിഹ്, ഇനി ചൈനയുടെ പിടി അയയും, ഇന്ത്യ പിടിമുറുക്കും

മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ വിജയം ഇന്ത്യയെയും സന്തോഷിപ്പിക്കുന്നു. ചൈനയുടെ പിന്തുണയുള്ള പ്രസിഡന്റ് അബ്ദുള്ള യാമീനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാലദ്വീപില്‍ സ്വാധീനത്തിനായി ഇന്ത്യയും ചൈനയും കിണഞ്ഞു പരിശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിനു പ്രധാന്യമേറെയുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുത്തുമാലപോലെയാണു മാലദ്വീപിന്റെ കിടപ്പ്. ചരടില്‍ പവിഴമുത്തുകള്‍ കോര്‍ത്തിണക്കിയുള്ള മാല എങ്ങനെയാണോ രൂപംകൊണ്ടിരിക്കുന്നത് അതേപോലെയാണ് മാലദ്വീപ് എന്ന ദ്വീപുസമൂഹരാഷ്ട്രവും. പവിഴപ്പുറ്റുകളുടെ സാന്നിധ്യംമൂലം ഏറെ ആകര്‍ഷകമാണ് ഏകദേശം 1200 ദ്വീപുകളുടെ കൂട്ടായ്മയായ ഈ ദക്ഷിണേഷ്യന്‍ രാഷ്ട്രം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും ഏതാനും നാളുകളായി അവിടെനിന്നു വരുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളായ ജനാധിപത്യ വിശ്വാസികള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല.

2008-ല്‍ ബഹുകക്ഷി സമ്പ്രദായത്തിലൂടെയുള്ള ഇലക്ഷനില്‍ ആദ്യമായി അധികാരത്തിലേയ നഷീദ് എന്ന ചെറുപ്പക്കാരന്‍ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. നഷീദിന്റെ എംഡിപി (മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) പ്രസിഡന്റ് ഗയൂമിന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ചാണ് അധികാരത്തിലേറിയത്. എന്നാല്‍, 2013-ലെ തെരഞ്ഞെടുപ്പില്‍ നഷീദിനു നിസാരവോട്ടുകള്‍ക്ക് അദ്ദേഹത്തിന്റെ എതിരാളിയായ മുഹമ്മദ് യാമീന് അധികാരം കൈമാറേണ്ടിവന്നു.

പിന്നീടു പ്രതികാരമനോഭാവത്തോടെ നഷീദിനോടു പെരുമാറിയ യാമിന്‍ ഗവണ്‍മെന്റ് തീവ്രവാദക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ 13 വര്‍ഷം തുറങ്കിലടയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, ചികിത്സാര്‍ഥം 2015-ല്‍ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം പ്രാപിച്ച നഷീദ് അവിടെനിന്ന് നിരന്തരസമരം നയിക്കുകയും യാമിന്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതിനിടെ യാമിന്‍ ക്യാമ്പിലും പ്രതിസന്ധി മൂര്‍ച്ഛിച്ചു. മുന്‍ ഏകാധിപതി ഗയൂമിന്റെ അര്‍ധസഹോദരന്‍ കൂടിയായ യാമിന് തുടക്കത്തില്‍ അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍, ഗയൂം പതിയെ നഷീദിനോടു ചേര്‍ന്ന് യാമിനെതിരേ തിരിഞ്ഞപ്പോള്‍ എട്ടു പാര്‍ലമെന്റംഗങ്ങളെ അയോഗ്യരാക്കിക്കൊണ്ടാണു യാമിന്‍ തിരിച്ചടിച്ചത്. ഈ എട്ടുപേരുടെ അയോഗ്യതയും നഷീദടക്കമുള്ളവരുടെ ക്രിമിനല്‍ കുറ്റങ്ങളും കോടതി റദ്ദാക്കിയതോടെ അസ്ഥിരത ഉടലെടുത്തു. സൈന്യത്തെ കൂട്ടുപിടിച്ച് പ്രസിഡന്റ് യാമിന്‍ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതിപക്ഷനേതാവ് നഷീദ് ഇന്ത്യയോട് സൈനിക ഇടപെടല്‍ അഭ്യര്‍ഥിച്ചു. 1988-ല്‍ ഗയൂമിനെ അട്ടിമറിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടപ്പോള്‍ ഓപ്പറേഷന്‍ കാക്ടസ് എന്ന പേരില്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയുമായി വളരെയേറെ അടുത്ത യാമിന്‍ സര്‍ക്കാര്‍ അവരുടെ അചഞ്ചല പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ടു നീങ്ങിയത്.

മോദി ഇനിയും സന്ദര്‍ശനം നടത്താത്ത ഏക ദക്ഷിണേഷ്യന്‍ രാഷ്ട്രം മാലദ്വീപാണ്. ചൈനയാകട്ടെ അവരുടെ വണ്‍ ബോര്‍ഡര്‍ വണ്‍ റോഡ് പദ്ധതിയിലും മാരിടൈം സില്‍ക്ക് റോഡ് പദ്ധതിയിലും മാലദ്വീപിനെ അവിഭാജ്യ ഘടകമായാണ് കണക്കാക്കിയിരിക്കുന്നത്. ശ്രീലങ്കയിലെ ഹമ്പന്‍ടൊട്ടയിലും ആഫ്രിക്കയിലെ ജിബൂട്ടിയിലും സൈനികതാവളങ്ങള്‍ തുറന്ന ചൈനയ്ക്ക് ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ മാലദ്വീപ് എന്ന ഘടകം ആവശ്യമാണ്. അന്തര്‍ദേശീയ കപ്പല്‍ഗതാഗത റൂട്ടിലെ ഇടനാഴി മാലദ്വീപ് സമുദ്രാതിര്‍ത്തിയിലൂടെയാണ് കടന്നുപോകുന്നത്. കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതിന് ഇന്ത്യക്കും ചൈനയ്ക്കും മാലദ്വീപിനെ ആവശ്യമുണ്ട്.

230 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇതില്‍തന്നെ മൂന്നിലൊന്നു ജനങ്ങളും താമസിക്കുന്നത് തലസ്ഥാനമായ മാലിയിലാണ്. സമ്പൂര്‍ണ സുന്നി മുസ്ലിം രാജ്യമായ മാലദ്വീപില്‍ നിന്നാണ് ശതമാനക്കണക്കില്‍ ഏറ്റവുമധികം ചെറുപ്പക്കാര്‍ ഐഎസിന്റെ ഭാഗമായി സിറിയന്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ഇന്ത്യക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ഘടകമാണ്.

നാലു ലക്ഷത്തില്‍താഴെ മാത്രം ജനസംഖ്യയുള്ള മാലദ്വീപില്‍ 25000-ത്തിലധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. വിനോദസഞ്ചാരം മുഖ്യവരുമാനമാര്‍ഗമായ മാലദ്വീപിലേക്കുള്ള സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും വരുന്നത് ചൈനയില്‍നിന്നാണ്. വിദ്യാഭ്യാസം, ചികിത്സ, വിനോദം, വാണിജ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനു മാലദ്വീപുകാരാണ് ഇന്ത്യയിലേക്കു വരുന്നത്. ഇതിന്റെ ഒരു പ്രധാന ഗുണഭോക്താവ് കേരളമാണ്.

2011 ലാണ് ചൈനയുടെ മാലദ്വീപ് ബാന്ധവം തുടങ്ങുന്നത്. 1887 മുതല്‍ 1965 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന മാലദ്വീപ് പിന്നീട് സ്വാതന്ത്ര്യം പ്രാപിച്ചു. 1968-ല്‍ റിപ്പബ്ലിക്കായി മാറിയ മാലദ്വീപിനെ 1978 മുതല്‍ 2008 വരെ അടക്കിഭരിച്ചിരുന്ന ഗയൂമിന്റെ കാലത്ത് രാഷ്ട്രീയ അച്ചടക്കം ഉണ്ടായിരുന്നു. 2008-ല്‍ ബഹുകക്ഷി സന്പ്രദായം അനുവദിച്ചതോടെ ഈ കൊച്ചുരാഷ്ട്രം അതിന്റെ ജനാധിപത്യ അപക്വതയും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഈ കൊച്ചു ദ്വീപുരാഷ്ട്രത്തിലുണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും ഇന്ത്യക്കും തലവേദനയായി മാറാം.

ഡോ. സന്തോഷ് വേരനാനി

Related posts