കോവിഡിനു ശേഷമുള്ള തന്റെ അവസ്ഥ വിവരിച്ച് ബോളിവുഡ് നടി മലൈക അറോറ. കഴിഞ്ഞ സെപ്റ്റംബറിലാണ് മലിക കോവിഡ് പോസിറ്റീവായത്.
വൈകാതെ അതില്‍ നിന്നു മുക്തി നേടി. എന്നാല്‍ കോവിഡ് മുക്തിക്ക് ശേഷവും വർക്കൗട്ട് ചെയ്യാനും തന്റെ പഴയ കരുത്തിലേയ്ക്ക് എത്താനും എട്ടു മാസത്തോളം എടുത്തെന്ന് പറയുകയാണ് മലൈക.
‘എളുപ്പമോ, ഒരിക്കലുമല്ല. സെപ്റ്റംബര്‍ അഞ്ചിനാണ് ഞാന്‍ കോവിഡ് പോസിറ്റീവായത്. നല്ല രോഗപ്രതിരോധശേഷി ഉള്ളതുകൊണ്ട് പെട്ടെന്ന് കോവിഡ് മുക്തയാവും എന്ന് പറയുന്നവരോടാണ്, ഒരിക്കലുമല്ല.
ഞാനതിലൂടെ കടന്നു പോയതുകൊണ്ട് ‘എളുപ്പം’ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കില്ല. എന്നെ അത് ശാരീരികമായി തകര്‍ത്തു കളഞ്ഞു.
രണ്ട് ചുവടുവയ്ക്കുക എന്നതു തന്നെ വലിയ അധ്വാനമായിരുന്നു. എഴുന്നേറ്റിരിക്കാം, എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അരികിലെ ജനാലയുടെ അടുത്ത് പോയി നില്ക്കുന്നതു തന്നെ വലിയ ടാസ്കായിരുന്നു. എന്റെ ശരീരഭാരം കൂടി. കരുത്ത് നഷ്ടപ്പെട്ടു.’
‘സെപ്റ്റംബര്‍ 26ന് ഞാന്‍ കോവിഡ് നെഗറ്റീവായി. നെഗറ്റീവായിട്ടും മനസിനനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.
പഴയപോലെ ആവാന്‍ കഴിയില്ല എന്നുപോലും ഭയപ്പെട്ടിരുന്നു. കോവിഡ് മുക്തിക്ക് ശേഷമുള്ള ആദ്യത്തെ വർക്കൗട്ട് വളരെ പ്രയാസമായിരുന്നു. പിന്നെ ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു.
32 ആഴ്ച വേണ്ടി വന്നു എനിക്ക് ഞാനായി വീണ്ടും മാറാന്‍. ഇപ്പോള്‍ എല്ലാ ദിവസവും വർക്കൗട്ട് ചെയ്യുന്നുണ്ട്.
പോസിറ്റീവ് ആകുന്നതിന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് ഞാന്‍ മാനസികമായും ശാരീരികമായും തിരിച്ചെത്തിയിരിക്കുന്നു.
കോവിഡ് സമയത്ത് മെസേജ് അയച്ച എല്ലാവർക്കും നന്ദി. ലോകം എത്രയും പെട്ടന്ന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറട്ടെ’- മലൈക കുറിച്ചു.