വെള്ളമുണ്ട: ജനാധിപത്യത്തിന്റെ മൂല്യം ഉൾക്കൊണ്ട് 105-ാം വയസിലും മലായിയുടെ വോട്ട്. തരുവണ പള്ളിയാൽ ആദിവാസി കോളനിയിലെ മലായിയാണ് നൂറ്റഞ്ചിന്റെ അവശതകളെ അവഗണിച്ചു വോട്ടുചെയ്യാനെത്തിയത്. തരുവണ ഗവ. ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ മലായി രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള മുഴുവൻ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തതായി അവകാശപ്പെടുന്നു.
വാഴത്തോപ്പുകളിൽനിന്നു ഇല വെട്ടി ഹോട്ടലുകളിലെത്തിച്ചായിരുന്നു മലായിയുടെ ഉപജീവനം. കാഴ്ചക്കുറവുമൂലം ആറു മാസം മുന്‍പാണ് തൊഴിൽ നിർത്തിയത്. എന്നാല്‍ കോളനിയിൽ ചടഞ്ഞുകൂടാൻ മലായി തയാറല്ല.
ദിവസവും തരുവണ അങ്ങാടിയിലെത്തി നാട്ടുകാരുമായി സൗഹൃദം പങ്കുവയ്ക്കുന്നുണ്ട് ഈ വയോധികൻ. ദുശീലങ്ങളൊന്നുമില്ലാത്ത മലായിയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നു നാട്ടുകാർ പറയുന്നു.