വടക്കാഞ്ചേരി: വീടിനു തീപിടിച്ച് മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന രണ്ടു കുട്ടികൾ വെന്തു മരിച്ചു. പൊള്ളലേറ്റ ദന്പതികളെയും മൂത്ത കുട്ടിയെയും ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുംകര ആച്ചംകോട്ടിൽ ഡാന്റേഴ്സിന്റെ മക്കളായ സെലസ്മിയ(ഒന്നര വയസ്), ഡാൻഫലീസ് (ഏഴ്) എന്നിവരാണ് ദാരുണമായി മരിച്ചത്.
തെക്കുംകര പഞ്ചായത്തിലെ മലാക്ക ദുബായ് റോഡ് പന്നിശേരിയിലാണ് സംഭവം. പൊള്ളലേറ്റ നിലയിൽ മൂത്ത കുട്ടി സെലസ്നിയ(13)യെയും ഡാന്റേഴ്സിനെയും ഭാര്യ ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി പത്തിനു ശേഷമാണ് സംഭവം.
മലാക്കയിൽ വീടിനകത്ത് തീപടർന്ന് രണ്ടു കുട്ടികൾ വെന്തുമരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു. തീപ്പിടിത്തം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അധികൃതർ. വൻ സ്ഫോടനത്തെത്തുടർന്നാണ് തീപ്പിടിത്തമെന്ന് ആദ്യം നിഗമനമുണ്ടായിരുന്നെങ്കിലും സ്ഫോടന ശബ്ദം കേട്ടില്ലെന്ന് ചില അയൽവാസികൾ വ്യക്തമാക്കിയതോടെ സംഭവത്തിലെ ദുരൂഹതയ്ക്ക് ആക്കംകൂടി.
ഇന്നലെ രാത്രി പത്തുമണിക്കു ശേഷമാണ് ആച്ചംകോട്ടിൽ ഡാൻഡേഴ്സ് ജോയുടെ വീട്ടിൽ അഗ്നിബാധയുണ്ടായത്. മക്കളായ ഡാൻഫലീസ് (10), സെലസ് മിയ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽനിന്നാണ് തീ പടർന്നത്. പൊള്ളലേറ്റ ഡാൻഡേഴ്സ് (47), ഭാര്യ ബിന്ദു (35), മൂത്തമകൾ സെലസ് നിയ (12) എന്നിവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡാൻഡേഴ്സിന്റെ പൊള്ളൽ സാരമുള്ളതാണ്. മറ്റു രണ്ടുപേർ അപകടനില തരണംചെയ്തു.
ഉറങ്ങിക്കിടന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിനു മുന്പ് വീടിനുള്ളിൽ തീ ആളിപ്പടർന്നു. രണ്ടുപേരും കട്ടിലിൽ വെന്തുമരിച്ച നിലയിലായിരുന്നു. മൂത്തകുട്ടി മറ്റൊരു മുറിയിൽ ടിവി കാണുകയായിരുന്നു. വീടിനു പുറത്ത് കാർ കഴുകുകയായിരുന്ന ഡാൻഡേഴ്സ് തീയാളുന്നതുകണ്ട് അടുക്കളയിലായിരുന്ന ബിന്ദുവിനെയും മകളെയും പുറത്തെത്തിച്ചു. ഈ സമയമാണ് ഇവർക്കും പൊള്ളലേറ്റത്. വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേന എത്തുന്പോഴേക്കും വീട് പൂർണമായും നശിച്ചു. ഫാനുകളും ഇലക്ട്രിക് ഉപകരണങ്ങളും ഉരുകിവീണിട്ടുണ്ട്.
മൂന്നു സാധ്യതകൾ
അപകടത്തിനു കാരണമായത് എന്ത് എന്നതിനെക്കുറിച്ച് മൂന്നു സാധ്യതകളാണ് കണക്കാക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഇൻവെർട്ടറിൽ അഗ്നിബാധയുണ്ടായതോ ഷോർട്ട് സർക്യൂട്ടോ ഗ്യാസ് ചോർച്ചയോ ആണ് ഇത്തരത്തിൽ സംശയിക്കുന്നത്. എന്നാൽ ഗ്യാസ് സിലിണ്ടറുകളിൽ ചോർച്ചയുണ്ടായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
കുട്ടികൾ ഉറങ്ങിയിരുന്ന മുറിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിനും കേടുപാടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.എങ്ങനെ തീപിടിത്തമുണ്ടായി എന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരും മൊഴിനൽകിയിരിക്കുന്നത്.
സ്ഫോടനശബ്ദം കേട്ടെന്നും ഇല്ലെന്നും
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി നേരത്തെ പരിസരവാസികൾ പറഞ്ഞിരുന്നു. എന്നാൽ ശബ്ദമൊന്നും കേട്ടില്ലെന്ന് അയൽവാസിയായ വർഗീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിനു പത്തുമിനിറ്റുമുന്പാണ് വർഗീസ് ഈ വീട്ടിൽനിന്ന് പോന്നതെന്നും പറയുന്നു. സ്ഫോടനശബ്ദം കേട്ടില്ലെന്ന വെളിപ്പെടുത്തൽ സംഭവത്തിന്റെ ദുരൂഹത വീണ്ടും കൂട്ടുകയാണ്.
അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്. ലോറിയുടമയാണ് ഡാൻഡേഴ്സ്. സെലസ്നിയയും മരിച്ച ഡാൻഫലീസും കുറ്റുമുക്ക് സാന്ദീപനി സ്കൂൾ വിദ്യാർഥികളാണ്.